രാജ്യത്ത് ഹോട്ടലുകളിൽ ഇനിമുതൽ ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകരുതെന്ന് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ശുദ്ധീകരിച്ച വെള്ളം ചില്ലു കുപ്പികളിൽ നിറച്ച് സീൽചെയ്ത് നൽകണം..നിബന്ധന കർശനമാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. നിലവിൽ പഞ്ചനക്ഷത്രഹോട്ടലുകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളിലും 200 മി.ലി., 500 മി.ലി., ഒരുലിറ്റർ അളവുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളം നൽകുന്നത്. .ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, പ്രതിദിനം ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കുമിഞ്ഞുകൂടുകയുമാണ്.ഹോട്ടലുകളിൽ ലൈസൻസുള്ള കുടിവെള്ള ബോട്ടിലിങ് പ്ലാന്റ് വേണം. അവിടെനിന്ന് വെള്ളം നിറയ്ക്കണം. കടലാസ് സീൽ ഉപയോഗിക്കണം. ഹോട്ടലിന്റെ പൂർണവിലാസമുള്ള ലേബലും കുപ്പിയിൽ വേണം.
പായ്ക്കുചെയ്ത കുടിവെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ച 2006-ലെ നിയമം, 2011-ലെ എഫ്.എസ്.എസ്.നിയമം നാലാംവകുപ്പ്, 2012-ലെ കുടിവെള്ളം സംബന്ധിച്ച ഐ.എസ്. 10500 ബി.ഐ.എസ്. മാർഗനിർദേശം എന്നിവ കർശനമായി പാലിക്കണമെന്നും എഫ്.എസ്.എസ്.എ.ഐ. ജോയിന്റ് ഡയറക്ടർ പ്രവീൺ ജർഗാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.ഭക്ഷ്യോത്പന്നങ്ങൾ നിറയ്ക്കുന്നതിന്, ചണത്തിൽ നിർമിച്ച ബാഗുകൾ എഫ്.എസ്.എസ്.എ.ഐ. വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ഒരുവർഷത്തിനുള്ളിൽ ഈ രംഗത്ത് പ്ലാസ്റ്റിക്ക് ഇല്ലാതാകും.
പ്രതിവർഷം രാജ്യം ചുമക്കുന്നത് 95 ലക്ഷം ടൺ പ്ലാസ്റ്റിക് പ്രതിവർഷം 95 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഇന്ത്യയിൽ നിറയുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കാണിത്. അതിൽ 38 ലക്ഷം ടൺ പ്ലാസ്റ്റിക് പുനരുപയോഗത്തിന് കൊള്ളാത്തവയാണ്.ഓരോവർഷവും സമുദ്രങ്ങളിലേക്ക് തള്ളുന്നത് ആറുലക്ഷം ടൺ പ്ലാസ്റ്റിക്ക്. രാജ്യത്ത് ഇപ്പോഴത്തെ തോതിൽ പ്ലാസ്റ്റിക് ഉപയോഗം തുടർന്നാൽ, 2022-ൽ ഇരട്ടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകും.
Share your comments