ഭരണ നിർവഹണത്തിനായി ഡ്രോണുകൾ (Drones) ഉപയോഗപ്പെടുത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra Modi). ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഫെസ്റ്റിവലായ ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 (Bharat Drone Mahotsav 2022) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യക്ഷമത വിലയിരുത്താനും പദ്ധതികളുടെ പുരോഗതി വിലയിരുത്താനും ഡ്രോണിലൂടെ വിവരശേഖരം നടത്താൻ സാധിക്കും. തൊഴില്‍ സൃഷ്ടിക്കുന്ന ഒരു മേഖലയായി ഇത് വളര്‍ന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയിലെ പ്രഗതി മൈതാനയില്‍ 27, 28 തീയതികളിലായാണ് ഭാരത് ഡ്രോണ്‍ മഹോത്സവ് സംഘടിപ്പിച്ചത്. 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
വികസന പദ്ധതികളുടെയും മറ്റും പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച് സമയം പാഴാക്കുന്നതിന് പകരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം പദ്ധതികൾക്ക് ഡ്രോൺ അയച്ച് വിവരശേഖരം നടത്തുന്നതിനാൽ വിവരങ്ങൾ എടുത്തുവെന്ന് അവിടെയുള്ളവർക്ക് മനസ്സിലാകില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സർക്കാർ നടത്തുന്ന വികസന പദ്ധതികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തണം. ഇതിന് ഈ പ്രദേശങ്ങളിലേക്ക് ഉദ്യോഗസ്ഥരെ അയക്കേണ്ട ആവശ്യമില്ല. മാത്രമല്ല, ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കേണ്ടതായുമില്ല. പകരം ഡ്രോണുകൾ ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് നിന്നും ആവശ്യമായ എല്ലാ വിവരങ്ങളെല്ലാം ശേഖരിക്കാമെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലാണ് ഡൽഹിയിൽ നടക്കുന്ന ‘ഭാരത് ഡ്രോൺ മഹോത്സവ്’. കർഷകരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിതത്തെ ആധുനീകരിക്കുന്നതിലും ഡ്രോൺ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഴഞ്ചൻ രീതിയിലുള്ള കൃഷിരീതികൾ ഇപ്പോഴും പിന്തുടരുന്നതിനെ കുറിച്ചും പ്രധാനമന്ത്രി വിമർശിച്ചു. റോഡുകൾ, വൈദ്യുതി, ഒപ്റ്റിക്കൽ ഫൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ഗ്രാമങ്ങളിൽ നടപ്പാക്കുമ്പോഴും, പരമ്പരഗാത രീതിയിലാണ് കൃഷി തുടരുന്നത്. ഇത് ഉൽപാദനക്ഷമത കുറയുന്നതിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം ഡ്രോൺ ഫലപ്രദമായി ഉപയോഗിക്കാം. മാത്രമല്ല, സാങ്കേതികവിദ്യ കർഷകരെ ഭയപ്പെടുത്തുന്നതല്ലെന്ന് കാർഷിക മേഖലകളെ സഹായിക്കാൻ സ്വീകരിച്ച നടപടികളിലൂടെ മനസിലായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: വേനൽക്കാലത്ത് ഇത് കൃഷി ചെയ്താൽ സമ്പന്നനാകാം, ശ്രദ്ധിക്കേണ്ട നിസ്സാര കാര്യങ്ങൾ
കോവിഡ് കാലത്ത് വിദൂര മേഖലകളിൽ വാക്സിൻ നൽകുന്നതിനും ഡ്രോണുകൾ പ്രയോജനകരമായി. കൂടാതെ, കേദാർനാഥിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡ്രോണുകൾ എങ്ങനെ പ്രയോജനകരമായെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കേദാർനാഥിൽ എപ്പോഴും സന്ദർശനം പ്രായോഗികമായിരുന്നില്ല. എന്നാൽ ഡ്രോണുകൾ ഉപയോഗിച്ച് പദ്ധതിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പദ്ധതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ ഒരു പ്രഗതി യോഗം എല്ലാ മാസവും ചേരാറുണ്ട്. ഈ ആവശ്യങ്ങൾക്കും വിവര ശേഖരണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നു. ഡ്രോണുകളുടെ നേട്ടങ്ങൾ മാത്രമല്ല, ഈ മേഖലയിലെ കൂടുതൽ നിക്ഷേപത്തിനായും പ്രധാനമന്ത്രി നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല, ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പല നിബന്ധനകളും ഒഴിവാക്കിയിള്ളതായും പ്രധാനമന്ത്രി അറിയിച്ചു.
Share your comments