1. കർഷകർക്ക് വിലക്കുറവിൽ ഡ്രോണുകൾ ലഭ്യമാക്കി കൃഷിവകുപ്പ്. തൊഴിലാളികളുടെ ക്ഷാമവും സമയക്കുറവും മൂലം നട്ടംതിരിയുന്ന കർഷകർക്ക് കൈത്താങ്ങാകുകയാണ് കൃഷിവകുപ്പിന്റെ കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, പാടശേഖര സമിതികൾ എന്നിവയ്ക്ക് പദ്ധതിവഴി സബ്സിഡിയോടെ ഡ്രോണുകൾ ലഭിക്കും. എന്നാൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമാണ്. കൃഷിവകുപ്പിന്റെ സഹായത്തോടെ ലൈസൻസും പരിശീലനവും ലഭിക്കും. താൽപര്യമുള്ളവർ agrimachinery.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
2. കോഴിഫാമിലെ ദുർഗന്ധമൊഴിവാക്കാൻ പദ്ധതിയുമായി വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ ആൻ മരിയയും ജോമിഷയുമാണ് എന്റെ കേരളം പ്രദർശന മേളയിൽ പണച്ചെലവ് കുറഞ്ഞ കണ്ടുപിടുത്തം അവതരിപ്പിച്ചത്. പാലും കഞ്ഞിവെള്ളവും പ്രത്യേക രീതിയിൽ സൂക്ഷിച്ച് ലാക്ടോ ബാസിലസ് ബാക്ടീരിയ ഉണ്ടാക്കി ഇവ ഉമിക്കരിയുമായി നിശ്ചിത അളവിൽ ചേർത്ത് കോഴി ഫാം മാലിന്യത്തിൽ ചേർത്താൽ ദുർഗന്ധം ഒഴിവാക്കുക മാത്രമല്ല മാലിന്യത്തിലെ എൻ.പി.കെ യുടെ അളവിൽ വർദ്ധനവുമുണ്ടാകുന്നു എന്നുമാണ് വിദ്യാർഥികൾ പറയുന്നത്.
കൂടുതൽ വാർത്തകൾ: കുതിച്ചുയർന്ന് കോഴിയിറച്ചി വില; 1 കിലോയ്ക്ക് 250 രൂപ!!
3. എന്റെ കേരളം പ്രദർശന വിപണന മേളയിൽ 49 ലക്ഷത്തിലധികം രൂപയുടെ വരുമാനം നേടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാളുകൾ. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 59 സ്റ്റാളുകളിൽ നിന്ന് 27 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു. കൂടാതെ കുടുംബശ്രീ മിഷന്റെ 27 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ 15 വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ 5 വിപണന സ്റ്റാളുകൾ, റബ്‌കോ, ഫിഷറീസ്, മത്സ്യഫെഡ്, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ കോർപ്പറേഷൻ, ഖാദി, കേരള ഫീഡ്‌സ്, ഹോർട്ടികോർപ്പ് സ്റ്റാളുകൾ തുടങ്ങിയവയിൽ നിന്നും 22 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
4. അബുദാബിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫാമുകൾക്ക് ജല, വൈദ്യുതി സബ്സിഡി നൽകുന്നു. ഇത്തിഹാദ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാമുകൾക്ക് ജൂലൈ മുതൽ സഹായം ലഭിക്കും. ഫാമുകളുടെ വരുമാനം കൂട്ടുക, ഉൽപാദനം വർധിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് തീരുമാനം.
5. കേരളത്തിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റും മിന്നലും മൂലം വിവിധ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചു. കണ്ണൂരിൽ ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വരും ദിവസങ്ങളിൽ മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments