ദുബായില്‍ പരിസ്ഥിതിക്ക് സുരക്ഷയേകാന്‍ ആറുമീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹരിത മതില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. കടല്‍ത്തീരത്തോടു ചേര്‍ന്നു കള്‍ചറല്‍ വില്ലേജിന്റെ ഹൃദയഭാഗത്തുള്ള 'ദുബായ് വാര്‍ഫില്‍' ആണ് ഹരിതമതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.സുസ്ഥിരവികസനം, പരിസ്ഥിതിസംരക്ഷണം എന്നീ സന്ദേശമുയര്‍ത്തി ദുബായ് പ്രോപ്പര്‍ട്ടീസാണ് മേഖലയിലെ ആദ്യ ' ഗ്രീന്‍വാള്‍' നിര്‍മ്മിച്ചത്.
ദുബായിയെ 'സംശുദ്ധ നഗര'മാക്കാനുള്ള പദ്ധതികളില്‍ ഏറ്റവും പുതിയതാണ് ഈ ഹരിതമതില്‍. 210 മീറ്റര്‍ നീളത്തിലും, 1260 ചതുരശ്ര മീറ്ററിലും നിര്‍മ്മിച്ചിരിക്കുന്ന ഈ മതിലില്‍ എണ്‍പതിനായിരത്തിലധികം ചെടികളും വള്ളിപ്പടര്‍പ്പുകളുമാണ് ഉള്ളത് .പ്രത്യേകതരം തുണി കൊണ്ടുള്ള ഗ്രോബാഗുകളിലാണ് ചെടികള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത്.
ദുബായിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ ചെടികളാണ് പ്രത്യേക പരിപാലനം നല്‍കി വളര്‍ത്തുന്നത്.ഗ്രോ ബാഗുകളില്‍ ഇലകളും, തടിക്കഷണങ്ങളും പൊടിച്ച മിശ്രിതവും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ വളങ്ങളും നിറച്ചാണ് ഹരിതമതിലിന്റെ ചെടികള്‍ നടുക. കൊടുംചൂടിലും ചെടികള്‍ക്കു നന്നായി വളരാന്‍ സാധിക്കും. ജലസേചനം എളുപ്പമാണ്. ചൂടിനെയും കാര്‍ബണ്‍ മലിനീകരണത്തെയും കുറയ്ക്കുവാന്‍ പടര്‍ന്നുകയറിയ ഇലച്ചാര്‍ത്തുകള്‍ സഹായിക്കുന്നു. ഹരിത മതില്‍ 200 മരങ്ങളുടെ ഫലം ചെയ്യുകയും, പ്രതിവര്‍ഷം 4.4 ടണ്‍ കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമുള്ള ഏറ്റവും പുതിയ ശാസ്ത്രീയ സംവിധാനമാണ് ഹരിത മതില്‍. നഗരങ്ങളിലെ ചൂടുകുറയ്ക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണ് ഹരിത മതില്‍ എന്ന് ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സിഇഒ റയീദ് അല്‍ നുഅയ്മി പറഞ്ഞു. താമസയിടങ്ങള്‍ക്കുള്ളിലെ പച്ചപ്പിന്റെ ഗുണവശങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇത്തരമൊരു സംരംഭത്തിന് പ്രോത്സാഹനമായതെന്നും അദ്ദേഹം അറിയിച്ചു.
നഗരമേഖലകളില്‍ ശീതീകരണ സംവിധാനങ്ങള്‍ വലിയ തോതില്‍ ചൂട് പുറംതള്ളുന്നു. ലോകത്ത് പലയിടങ്ങളിലും ഇത് പോലുള്ള പച്ച മതിലുകളും ചുമരുകളും നിര്‍മ്മിക്കുന്നുണ്ട്. കണ്ണിന് നല്ലതാണെന്ന് മാത്രമല്ല, റോഡുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പ്രതിഫലിക്കുന്ന ചൂട് വലിച്ചെടുക്കാനും പരിസരപ്രദേശത്തെ താപനില അഞ്ചു ഡിഗ്രി വരെ കുറയ്ക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായമാകും.
Share your comments