ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. അമ്പലപ്പുഴയിലെ പുറക്കാട്ട് പ്രദേശത്താണ് കഴിഞ്ഞ രണ്ടാഴ്ചയിൽ ആയിരക്കണക്കിന് താറാവുകൾ ചത്തൊടുങ്ങിയത്. പക്ഷിപ്പനിയാണോ ഇതിന് കാരണമെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധനാഫലം ഇന്ന് വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പുറക്കാട് അറുപത്തിൽചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ രണ്ടര മാസം പ്രായമായ താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിൻ കുഞ്ഞുങ്ങളെയാണ് വളർത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലും ഇദ്ദേഹത്തിന് പക്ഷിപ്പനിയിലൂടെ താറാവുകളെ നഷ്ടപ്പെട്ടിട്ടുണ്ട്.
അതേ സമയം, താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. സമീപത്തെ മറ്റ് കർഷകരും സമാന പ്രശ്നങ്ങളിലൂടെയാണ് പോകുന്നത്.
മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിച്ച് അധികൃതർ സ്ഥലത്ത് എത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം ഡിസംമ്പറിൽ ജില്ലയിൽ പക്ഷിപ്പനി ബാധിച്ച് പതിനായരത്തോളം താറാവുകൾ ചത്തൊടുങ്ങിയിരുന്നു. മുൻപ് പ്രദേശങ്ങങ്ങളിലുണ്ടായ പക്ഷിപ്പനിയുടെ അതേ ലക്ഷണങ്ങളാണ് ഇത്തവണ താറാവുകൾ ചത്തൊടുങ്ങുന്നതിലും കാണുന്നതെന്ന് കർഷകർ പറയുന്നു.
നിലവിൽ നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. എന്നാൽ, ഇവയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. രോഗം വരാത്ത താറാവുകളെ പ്രത്യേകം മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ആശങ്കയിലായ കർഷകർ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെടുന്നു.
എന്താണ് പക്ഷിപ്പനി?
പക്ഷികളില്‍ പൊതുവായി കണ്ടുവരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് അഥവാ H5N1 വൈറസ് എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. വളരെ പെട്ടെന്ന് പടരുന്നതിനാൽ പനിബാധിത മേഖലയിൽ പക്ഷികള്‍ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയും ഇത് പകരും.
മനുഷ്യനിലേക്ക് പടരുമോ?
ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മനുഷ്യരിലേക്കും പക്ഷിപ്പനിയുടെ വൈറസ് പടരാൻ സാധ്യതയുണ്ട്. സാധാരണയുള്ള വൈറൽ പനിയുടെ ലക്ഷണങ്ങളാണ് മനുഷ്യരിലും ഇത് കാണിക്കുന്നത്. കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപഴകുന്നവരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യത അധികമാണ്. കൂടാതെ, മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിക്കാത്തതും വൈറസിനെ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കും.
രോഗമുള്ളവരുമായുള്ള സമ്പർക്കവും വൈറസ് ബാധയേൽക്കുന്നതിന് മറ്റൊരു പ്രധാന കാരണമാണ്. മനുഷ്യനിൽ പക്ഷിപ്പനി മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾ പനിയും ചുമയും തൊണ്ടവീക്കവും ന്യുമോണിയയുമാണ്. ചില സാഹചര്യങ്ങളിൽ ഇത് തലച്ചോറിനെയും ബാധിക്കും.
മനുഷ്യനിലേക്ക് പക്ഷിപ്പനി ആദ്യം പടര്‍ന്നത് 1997ല്‍ ഹോങ്കോങ്ങിലാണ്. പക്ഷിപ്പനി ബാധിച്ച് ഒരുപാട് പേർ അന്ന് മരിച്ചു. ഇത് കൂടാതെ, ഏഷ്യന്‍ രാജ്യങ്ങളിലെ ഒരുപാട് സ്ഥലത്ത് പക്ഷിപ്പനി മനുഷ്യനും ബാധിച്ചിരുന്നു. 2003,2004 വർഷങ്ങളിൽ ഏഷ്യന്‍ രാജ്യങ്ങളിൽ നിന്ന് യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലേക്കും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.
Share your comments