എറണാകുളം ജില്ലയിലെ കളമശേരിയിൽ നാലാം തവണയും താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടുകൾ ഇന്ന് ലഭിക്കും. കളമശേരിയിലെ എച്ച്എംടി കോളനി ഗ്രൗണ്ടിന് സമീപമാണ് താറാവുകൾ കൂട്ടത്തോടെ ചത്തത്.
താറാവുകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തോടുകളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ഫലം എന്നിവയാണ് ഇന്ന് ലഭിക്കുക. നെടുനാരയിൽ ഷംസുദീൻ വളർത്തുന്ന 600 ഓളം താറാവുകളാണ് കഴിഞ്ഞ നാല് ശനിയാഴ്ചകളിലായി ചത്തത്. നേരത്തെ താറാവുകൾ ചത്തപ്പോൾ താറാവ് വളരുന്ന വെള്ളം ലാബിൽ പരിശോധിച്ചിരുന്നു. തുടർന്ന് വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും താറാവുകൾ ചാകുന്നതിന്റെ കാരണം ഇതല്ലെന്ന് ലാബ് അധികൃതർ വ്യക്തമാക്കിയിരുന്നു.
എച്ച്എംടി കോളനി സ്കൂളിന് സമീപം പുഞ്ചത്തോടിനോട് ചേർന്ന് 50 വർഷത്തോളമായി ഷംസുദ്ദീൻ മുട്ടത്താറാവിനെ വളർത്തുന്നുണ്ട്.
Share your comments