സംസ്ഥാനത്ത് ജൂലൈ 23 മുതൽ ജൂലൈ 26 വരെ മിക്കയിടത്തും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചതിനാൽ കേരളത്തിലെ നാല് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കേരളത്തിലെ പ്രധാന ജില്ലകളായ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിഎസ്ഇ, സിബിഎസ്ഇ എന്നിവയുടെ കീഴിലുള്ള പ്രൊഫഷണൽ കോളേജുകൾക്കും സ്കൂളുകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ പ്രത്യേക ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കനത്ത മഴയുടെ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ചയും ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു.
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നിരുന്നാലും, രണ്ട് താലൂക്കുകളിലെ കോളേജുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. കണ്ണൂർ സർവ്വകലാശാല കേന്ദ്രമായിട്ടുള്ള പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് പുറമെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായി ഏതാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ഇതുവരെ 38 പേരെ പാർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തുടനീളം നിരവധി മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും അതോറിറ്റി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആപ്പിൾ കിട്ടാൻ ഇനി കൊതിയ്ക്കും; കനത്ത മഴ ഉൽപാദനത്തെ ബാധിച്ചു
Pic Courtesy: Pexels.com
Share your comments