ഗുണങ്ങളിലും രുചിയിലും മുന്‍പന്തിയിലാണെങ്കിലും അസഹ്യമായ ദുര്‍ഗന്ധം കാരണം മാറ്റിനിര്‍ത്തപ്പെടുന്ന പഴമാണ് ദുരിയാന്‍. പഴുക്കുമ്പോഴുള്ള ദുര്‍ഗന്ധം നിമിത്തം ഹോട്ടലുകളിലും, വിമാനങ്ങളിലുമൊക്കെ ഈ ഫലത്തിന് വിലക്കുണ്ട്. എന്നാലിന്ന ദുരിയാനെ ബഹിരാകാശത്തേക്ക് കയറ്റി അയച്ച് ശ്രദ്ധാകേന്ദ്രമാക്കുകയാണ് പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡ്.
ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിക്കാന്‍ കഴിയുന്നവയാണോയെന്ന് പഠിക്കാന്‍ വേണ്ടിയാണ് ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ ഈ പഴത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.
ഭാവിയില്‍ ബഹിരാകാശ യാത്രയ്ക്ക് അനുയോജ്യമായ തായ് ഭക്ഷണം നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. തായ്ലന്‍ഡിലെ ജിയോ ഇന്‍ഫോമാറ്റിക്സ് ആന്‍ഡ് സ്പേസ് ടെക്നോളജി ഡെവലപ്മെന്റ് ഏജന്‍സിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
ദുരിയാന്‍ പഴം ബഹിരാകാശത്തെത്തിച്ചതിനു ശേഷം തിരികെ ഭൂമിയില്‍ എത്തിച്ചാണ് പഠനം നടത്തുക. പഴത്തില്‍ എന്തെങ്കിലും ഭൗതികമാറ്റങ്ങളുണ്ടോയെന്ന് പരീക്ഷിക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക.
ഉണക്കിയ ശേഷം വായു കടക്കാതെ പ്രത്യേകം പായ്ക്ക് ചെയ്തതിനുശേഷമേ ഇവ ബഹിരാകാശത്തേക്ക് അയയ്ക്കൂ എന്നാണ് ഏജന്‍സിയുടെ വിശദീകരണം. ദുര്‍ഗന്ധം ഒഴിവാക്കാനാണിത്. ജൂലൈയിലായിരിക്കും ദുരിയാന്റെ ബഹിരാകാശത്തേക്കുള്ള യാത്ര. പദ്ധതി വിജയകരമാണെങ്കില്‍ പാഡ് തായ്, മാംഗോ സ്റ്റിക്കി അരി പോലെ അറിയപ്പെടുന്ന മറ്റ് തായ് ഭക്ഷണങ്ങളും ബഹിരാകാശത്തക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കുന്നു.
Share your comments