ഇന്ന് എന്തിനും ഏതിനും ആധാർ അത്യാവശ്യമാണ്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നിത്യജീവിതത്തിലെ പല വിഭാഗങ്ങളിലും ആധാർ നിർബന്ധമായി വന്നിരിക്കുന്നു. വൈവിധ്യ സംസ്കാരമാണെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഓരോ പൗരനും ഒരുപോലെയുള്ള തിരിച്ചറിയൽ രേഖ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
യാത്രയിലും മറ്റും ആധാർ കാർഡോ അതിന്‍റെ പകർപ്പോ കൈയിൽ കരുതിയില്ലെങ്കിലും, നമ്മുടെ ആവശ്യങ്ങൾ പൂർത്തിയാക്കാൻ ഇതിന് സാധിക്കുമെന്നതാണ് മറ്റ് തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള സവിശേഷത.
അതായത്, യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്പറിലൂടെ രാജ്യത്ത് എവിടെ ആയാലും ആവശ്യമായ സേവനങ്ങൾ ലഭ്യമാകും.
എന്താണ് ഇ- ആധാർ
ഫയലുകളിൽ കുത്തിനിറച്ച രേഖകളുടെ കാലം കഴിഞ്ഞു. എന്തിനും മൊബൈൽ ഫോണിലെ ഒരു പിഡിഎഫ് ഫയലിന്‍റെയോ, സ്കാൻ ചെയ്ത ഫോട്ടോഗ്രാഫിന്‍റെയോ ആവശ്യമേയുള്ളൂ. ആധാറും കൈയിൽ കൊണ്ടു നടക്കേണ്ട, പകരം അതിന്‍റെ ഇലക്ട്രോണിക് വേർഷൻ പ്രയോജനപ്പെടുത്താം.
ഇലക്ട്രോണിക്-ആധാര്‍ ഒരു പാസ്‌വേർഡ് ഉപയോഗിച്ച് സൂക്ഷിക്കാനാവുന്നതാണ്. യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലായ uidai.gov.in അല്ലെങ്കില്‍ eaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ഇ- ആധാർ ലഭിക്കും. ആധാര്‍ കാര്‍ഡിന്‍റെ ഫിസിക്കല്‍ പകര്‍പ്പായും ഇലക്ട്രോണിക് വേർഷൻ ഉപയോഗിക്കാം. കൂടാതെ, ആധാർ കാർഡ് നഷ്ടപ്പെട്ടാലും 12 അക്ക ആധാർ നമ്പർ അറിയാമെങ്കിൽ തുടർന്നും ഇ- ആധാറിലൂടെ സേവനങ്ങൾ ലഭിക്കും.
https://uidai.gov.in/ എന്ന വെബ് സൈറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇ- ആധാർ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ഇതിനായി ലളിതമായ 5 സ്റ്റെപ്പുകൾ മാത്രം മതി.
നെറ്റ്‌വർക്ക് കണക്ഷനുള്ള ഒരു മൊബൈൽ ഫോണിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ഉപയോക്താൾക്ക് തന്നെ സ്വന്തമായി ഇത് പൂർത്തിയാക്കാം. യുഐഡിഎഐ പോർട്ടലിൽ നിന്നും നിങ്ങളുടെ 28 അക്ക എൻറോള്‍മെന്‍റ് നമ്പറും നിങ്ങളുടെ മുഴുവന്‍ പേരും പിന്‍ കോഡും നല്‍കി ഡൗൺലോഡ് ചെയ്യാം. അതുമല്ലെങ്കില്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയും ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം.
ഇ- ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം
1. ആദ്യം https://uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. ഹോം പേജിലെ 'എന്‍റെ ആധാര്‍' എന്ന വിഭാഗത്തിലെ 'ഡൗണ്‍ലോഡ് ആധാര്‍' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. ആധാര്‍ നമ്പര്‍, എൻറോള്‍മെന്‍റ് ഐ ഡി എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുത്ത് അടുത്ത പേജിലേക്ക് പോകുക.
4. അതിന് ശേഷം അടുത്ത പേജിൽ ക്യാപ്ച കോഡ് നൽകി നിങ്ങളുടെ ആധാർ കാർഡിൽ നൽകിയ ഫോൺ നമ്പർ നൽകുക.
5. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും. OTP എന്‍റർ ചെയ്ത ശേഷം നിങ്ങൾക്ക് e-Aadhaar ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Share your comments