News

തെങ്ങോലയിൽ നിന്ന് 4000 കിലോയോളം മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കാം

തെങ്ങോലയിൽ നിന്ന് മണ്ണിരക്കമ്പോസ്റ്റ്

തെങ്ങോലയെ വേഗം തരിരൂപത്തിലുള്ള കമ്പോസ്റ്റാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. തെങ്ങോലയെ എളുപ്പം ദ്രവിപ്പിക്കാൻ കഴിവുള്ള ആഫ്രിക്കൻ നൈറ്റ് കോളർ എന്നയിനം മണ്ണിരയോടു (യുഡിലസ് സ്പീഷീസ്) സാമ്യമുള്ള നാടൻ മണ്ണിരയെ ഉപയോഗിച്ചാണ് ഈ കമ്പോസ്റ്റ് നിർമാണം. നന്നായി പരിപാലിക്കുന്ന ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ നിന്ന് പ്രതിവർഷം 6 - 8 ടൺ തെങ്ങോല കിട്ടും.

പലപ്പോഴും ഇവ തോട്ടത്തിൽ അങ്ങിങ്ങ് പൊഴിഞ്ഞുവീണ് കരിഞ്ഞുണങ്ങി ചിതലും
എലിയും കയറി തോട്ടം തന്നെ വൃത്തിഹീനമാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ ഇത്രയും ഓലയിൽ നിന്ന് 4000 കിലോയോളം മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കാം എന്നു വന്നാലോ?

കമ്പോസ്റ്റ് തയാറാക്കുന്ന രീതി

ഒരു ടൺ ജൈവാവശിഷ്ടം കമ്പോസ്റ്റാക്കാൻ ആയിരം മണ്ണിര വേണം. ചാണകവും അഴുകിയ ഇലകളും 1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം പ്ലാസ്റ്റിക്ക് ബക്കറ്റിലോ, സിമന്റ് ടബ്ബിലോ, വീഞ്ഞപ്പെട്ടിയിലോ തയാറാക്കി അതിൽ മണ്ണിരകളെ വളർത്തിയെടുക്കാം.

അധികമുള്ള ജലാംശം വാർന്നുപോകാൻ സൗകര്യമുണ്ടായിരിക്കണം. എണ്ണം പെരുപ്പിക്കാനുള്ള മണ്ണിരകളെ 50 എണ്ണം 10 കിലോ മിശ്രിതത്തിൽ എന്ന തോതിൽ നിക്ഷേപിച്ചിട്ട് ഉണങ്ങിയ പുല്ലോ വൈക്കോലോ നനഞ്ഞ ചാക്കോ ഉപയോഗിച്ച് പുതയിടുക. തണലുള്ളിടത്തു വേണം ഇത് ചെയ്യാൻ.

ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം തളിച്ചു കൊടുക്കണം. മണ്ണിരകൾ ഇതിനുള്ളിൽ പെറ്റുപെരുകും. ഒന്നു രണ്ടുമാസത്തിനകം മണ്ണിരകൾ 300 ഇരട്ടിയായി വർധിക്കും.
മണ്ണിൽ തയാറാക്കിയ കുഴികളിലോ സിമന്റ് ടാങ്കിലോ പ്രത്യേകം നിർമിച്ച ഷെഡുകളിലോ മണ്ണിര കമ്പോസ്റ്റ് നിർമിക്കാം. സിമന്റ് ടാങ്കിന്റെയോ കുഴിയുടെയോ നീളവും വീതിയും ആവശ്യാനുസരണമാകാം.

എന്നാൽ ആഴം ഒരു മീറ്ററിൽ താഴെയായിരിക്കണം എന്നോർക്കുക. അധികജലം വാർന്നുപോകാൻ സൗകര്യമുണ്ടാകണം. തോട്ടത്തിൽ വീണു കിടന്ന് രണ്ടുമൂന്നുമാസം പഴകിയ ഓലകളാണ് കമ്പോസ്റ്റ് ഉണ്ടാക്കാൻ നല്ലത്. ഇത്തരം ഓലകൾ മുഴുവനായോ, മുറിച്ചു ചെറുതാക്കിയോ ഉപ്
യോഗിക്കാം. തെങ്ങോലകൾ മുഴുവനായും ഉപയോഗിക്കുമ്പോൾ ഓലകളുടെ അടിവശം മുകളിലേക്കാക്കി കൂനകൂട്ടിയിടണം. ഈർപസംരക്ഷണത്തിനു വേണ്ടിയാണിത്. പച്ച ജൈവവസ്തുക്കൾ മണ്ണിരകൾക്ക് ഭക്ഷിക്കാൻ കഴിയില്ല എന്നറിയാമല്ലോ. അതിനാൽ വേഗം കമ്പോസ്റ്റ് തയാറാക്കാൻ ജീർണിച്ച് മൃദുവാകാൻ തുടങ്ങിയ ജൈവപദാർഥങ്ങളാണ്
അവയ്ക്കു നൽകേണ്ടത്.

തെങ്ങോല മണ്ണിരകൾക്കു പറ്റിയ വിധത്തിലാക്കാൻ ഒരു ടൺ ഓലയ്ക്ക് 100 കിലോ എന്ന തോതിൽ ചാണകം വെള്ളത്തിൽ കലക്കി ഓലകളിൽ തളിച്ച് മൂന്നാഴ്ച വയ്ക്കണം. ഇതിൽ ചാണകത്തിന്റെ അംശം കൂടാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ചാണകത്തിന്റെ അളവ് കൂടിയാൽ മണ്ണിരകൾ ചാണകം മാത്രം ഭക്ഷിക്കുകയും തെങ്ങോല കമ്പോസ്റ്റാകാതിരിക്കുകയും ചെയ്യും.

ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ചു കൊടുക്കണം. ഒരു ടൺ ഓലയ്ക്ക് ആയിരം എണ്ണം എന്ന തോതിൽ മണ്ണിരകൾ ചേർത്തുകൊടുക്കുക. പഴകിയ വൈക്കോലോ, ഉണങ്ങിയ പുല്ലോ, തെങ്ങോലകൾ തന്നെയോ പുതുതായി മുകളിൽ ഇട്ടു കൊടുക്കണം.

കമ്പോസ്റ്റുണ്ടാക്കുന്ന സ്ഥലത്ത് നേരിട്ട് സൂര്യപ്രകാശം പതിക്കാതെ തണൽ നൽകണം. ഈർപ്പനില 40 - 50% എന്ന പരിധിയിൽ നിലനിർത്തണം. പക്ഷികൾ, ഉറുമ്പ്, എലി എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും ശ്രദ്ധിക്കണം.


English Summary: EARTHWORM COMPOST KJOCTAR2320

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine