<
  1. News

പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ എട്ടുകോടി രൂപ അനുവദിക്കും... കൂടുതൽ കാർഷിക വാർത്തകൾ

നെല്ല് സംഭരണം ഊർജ്ജിതമാക്കി കർഷകർക്ക് വില ഉടൻ ലഭ്യമാക്കും: മന്ത്രി ജി.ആർ. അനിൽ, പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ എട്ടുകോടി രൂപ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാനത്ത് നാളെ മുതൽ മൂന്നുദിവസം അതിശക്തമായ മഴയ്ക്കും 15-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ശ്രീ. ജി.ആർ. അനിൽ. നെല്ലിന്റെ വില, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായും കഴിഞ്ഞ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു. നടപ്പ് സീസണിൽ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 6010 കർഷകരിൽ നിന്നായി 15,052.38 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് ഫീൽഡിൽ നിന്നും ലിഫ്റ്റ് ചെയ്യുന്ന പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.

2. കേരളത്തിലെ മുഴുവന്‍ പശുക്കളെയും മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ എട്ടുകോടി രൂപ അനുവദിക്കുമെന്നു മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അറിയിച്ചു. 40 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച വളയന്‍ചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക പ്രതിരോധ കുത്തിവയ്പു മുറി, ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബ്ലോക്ക്. അഡ്വ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

3. സംസ്ഥാനത്ത് നാളെ മുതൽ മൂന്നുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 15-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. നാളെ അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറ് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14, 15 തീയതികളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും കേന്ദ്രകലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: Eight crore rupees will be sanctioned to insure cows... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds