ആനപ്രേമികളുടെ നാടെന്ന് പേരുകേട്ട കേരളത്തിന് നാണക്കേടായി ആനകളുടെ മരണക്കണക്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 275 ആനകള്‍ ചരിഞ്ഞതായാണ് കേരള അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടന നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
2017 ഓഗസ്റ്റ് 12 മുതല്‍ 2018 ഓഗസ്റ്റ് 10 വരെയുള്ള കണക്കുപ്രകാരം 238 കാട്ടാനകളും 37 നാട്ടാനകളും ചരിഞ്ഞു. കാട്ടാനകളില്‍ 41 എണ്ണം കൊമ്പനും 120 എണ്ണം പിടിയാനകളുമാണ്. ബാക്കിയുള്ള 77 എണ്ണം കുട്ടിയാനകളാണ്.
കാട്ടാനകളെ തടയാന്‍ സ്ഥിപിച്ചിട്ടുള്ള വൈദ്യുതികമ്പിവേലികളില്‍നിന്നും ഷോക്കേറ്റാണ് കൂടുതല്‍ ആനകളും ചരിഞ്ഞിട്ടുള്ളത്. 45 കാട്ടാനകള്‍ വിഷബാധമൂലവും 151 എണ്ണം ആന്തരികവും ബാഹ്യവുമായ മുറിവുകള്‍ മൂലവുമാണ് മരിച്ചതെന്നും ഇതിനു പടക്കങ്ങള്‍ പോലുള്ളവ കാരണമായിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ ചരിഞ്ഞിട്ടുള്ളത് വയനാട് ജില്ലയിലാണ്. 60 ആനകളാണ് മരിച്ചത്. കുറവ് കാസര്‍കോട്ടാണ്. നാട്ടാനകള്‍ ഏറ്റവും കൂടുതല്‍ ചരിഞ്ഞിട്ടുള്ളത് തൃശൂരിലാണ്. കുറവ് ഇടുക്കിയിലും. ഓഗസ്റ്റ് 12 ലോക ഗജദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
Share your comments