കേരള നോളജ് ഇക്കോണമി മിഷൻ ഭിന്നശേഷി വിഭാഗത്തിനായി നടപ്പാക്കുന്ന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് നിർവഹിച്ചു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ 11.30 മണിക്ക് കൈമനം ഗവൺമെന്റ് വനിതാ പോളിടെക്‌നിക്കിൽ നടക്കുന്ന പരിപാടിയിൽ മേയർ ആര്യ രാജേന്ദ്രനാണ് മുഖ്യാതിഥിയായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷി തൊഴിലന്വേഷകർക്കായി പ്രത്യേക തൊഴിൽമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
വൈജ്ഞാനിക തൊഴിൽ മേഖലയിൽ ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴിൽ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈജ്ഞാനിക തൊഴിലിൽ തൽപ്പരരായ, 18 നും 59 നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി അഭിരുചിക്കും താൽപ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളെജ് മിഷൻ ചെയ്യുന്നത്.
DWMS വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരിൽ മിഷൻ നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി വേദിയിൽ തന്നെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നു.
Share your comments