പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത അയൽക്കൂട്ടങ്ങൾ രൂപീകരിക്കണം. സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഇ-വേയ്സ്റ്റുകൾ ശേഖരിച്ച് പുനരുപയോഗത്തിനുള്ള സാധ്യത പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉപയോഗശൂന്യമായ ചില്ല്, തുണി, ചെരുപ്പ്, ബാഗ് തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള ക്ലീൻ ഡ്രൈവ് സംഘടിപ്പിക്കണം. വീടുകളിൽ മാലിന്യ സംസ്കരണം നടപ്പാക്കണം. ജൂൺ അഞ്ചിന് മുൻപ് മണ്ഡലം മാലിന്യമുക്തമാക്കണമെന്നും മാലിന്യ സംസ്കരണ പദ്ധതികൾക്ക് ശുചിത്വ മിഷൻ എല്ലാ സഹായങ്ങളും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വത്തിനൊപ്പം കളമശ്ശേരി ക്യാമ്പയിൻ രണ്ടാം ഘട്ടം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ഹരിത മികവ് പുരസ്കാര വിതരണവും പരിപാടിയിൽ നടന്നു.
2024 മാർച്ച് 31 ന് മുൻപ് മാലിന്യമുക്ത സംസ്ഥാനം' എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ബൃഹത്തായ ക്യാമ്പയിനാണ് 'മാലിന്യ മുക്തം നവകേരളം. മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കുക, ജൈവമാലിന്യം പരമാവധി ഉറവിടത്തിലും സാമൂഹ്യ സംവിധാനത്തിലുമായി സംസ്കരിക്കുക, അജൈവ മാലിന്യം തരം തിരിച്ച് പുനഃക്രമണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്കരണ സംവിധാനം ഒരുക്കുക, പൊതു നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പൂർണ്ണമായും ഒഴിവാക്കുക, ജലാശയങ്ങളുടെ മലിനീകരണം പൂർണ്ണമായും തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
നീറിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം മനാഫ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീക്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.കെ മനോജ്, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി. സുജില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. രവീന്ദ്രനാഥ്,
അഡ്വ. യേശുദാസ് പാറപ്പിള്ളി, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ഗോപീകൃഷ്ണൻ, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ ടി.എം റജീന, ആലങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിൻസന്റ് കാരിക്കശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും
Picture Courtesy: Madhyamam
Share your comments