പരിസ്ഥിതി സൗഹൃദ യന്ത്രവല്‍കൃത നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷികപരിപാടികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് വിപുലപ്പെടുത്തുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കാസര്‍കോട് പീലിക്കോട് റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
'ജൈവജില്ല'യായി പ്രഖ്യാപിച്ച കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 2013 ലാണ് പീലിക്കോട് റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ യന്ത്രവല്‍കൃത ജൈവനെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ രമങ്കുളം, മുത്തിയാളം-പരവന്തറ്റ എന്നിവിടങ്ങളിലെ രണ്ട് പാടശേഖരങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോറോം ഗ്രാമത്തിലെ കേരള കര്‍ഷക സംഘത്തിന്റെ സഹകരണത്തോടെ ആരംഭിച്ച പരിപാടിയില്‍ പരമ്പരാഗത നാടന്‍ ജൈവനെല്ലിനമായ 'മുണ്ടോന്‍' പകരം പീലിക്കോട് റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള ജൈവനെല്ലിനങ്ങളായ ജൈവ(Jaiva), ഏഴോം-2 (Ezhome -2), ഏഴോം-4 (Ezhome -4) എന്നീ വിത്തിനങ്ങളാണ് വിതച്ചത്.
കണ്ണൂരില്‍ തുടക്കംക്കുറിച്ച ജൈവകൃഷി മിഷന്‍ (Organic farming mission), 'കന്നിപ്പാടം', രണ്ട് പാടശേഖരങ്ങളുടെ കീഴിലായി 50 ഏക്കറില്‍ നെല്‍ക്കൃഷി വ്യാപിപ്പിച്ചു. കന്നിപ്പാടം മിഷന്റെ കീഴിലുള്ള ഉല്‍പാദനം ഏക്കറിന് 1,800 കിലോഗ്രാമാണ് കണക്കാക്കിയിരിക്കുന്നത്. നല്ല വൈക്കോല്‍ ഉല്‍പാദനമാണ് ജൈവയിനങ്ങള്‍ ഉപയോഗിക്കുന്നതുക്കൊണ്ടുള്ള പ്രധാനനേട്ടമെന്ന് അധികൃതര്‍ പറയുന്നു. യന്ത്രവല്‍കൃതക്കൃഷി ആയതിനാല്‍ ഉത്പാദനച്ചിലവ് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ഏക്കറിന് 15,000 രൂപയാണ് കണക്കാക്കിയിരുന്നത്.
'കന്നിപ്പാടം' ജൈവകൃഷി മിഷന്റെ കീഴില്‍ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് ഒക്ടോബര്‍ 30 ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തു.
Share your comments