ഔഷധസസ്യങ്ങള്‍ കാണാനും, പരിചയപ്പെടാനും പാലക്കാട് ജില്ലയിലെ എരുത്തേമ്പതി വിത്തുത്പാദന കേന്ദ്രത്തിൽ ഔഷധ മ്യൂസിയം സജ്ജമാക്കിയിരിക്കുകയാണ് .140 ഇനം ഔഷധസസ്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മരമഞ്ഞള്‍, നീര്‍മാതളം പോലെ നശിച്ചുകൊണ്ടിരിക്കുന്നതും വയമ്പ്, ചങ്ങലംപെരണ്ട, ബംഗാള്‍ തിപ്പലി,കച്ചോലം പോലുള്ള നാടനും അല്ലാത്തതുമായ ഇന്ത്യയിലെ ഒട്ടുമിക്ക സസ്യങ്ങളും ഇതിലുണ്ട്.നടന്നുകാണാന്‍ പറ്റുംവിധം ഓരോ സസ്യവും ഇനംതിരിച്ചാണ് ഒരുക്കിയിട്ടുള്ളത്.
ഏതൊക്കെ രോഗശമനത്തിനാണ് ചെടികള്‍ ഉപയോഗിക്കുന്നതെന്നും,ചെടികളുടെ ശാസ്ത്രീയനാമവും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്..ജന്മനക്ഷത്രവൃക്ഷങ്ങള്‍, രാശിവൃക്ഷങ്ങള്‍, നവഗ്രഹവൃക്ഷങ്ങള്‍, ഒറ്റമൂലികള്‍, വിശുദ്ധവൃക്ഷങ്ങള്‍, ഗോചികിത്സാ മരുന്നുകള്‍ എന്നിങ്ങനെ സസ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.
കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശനസജ്ജമാണ്. നോനി, അമൃതവള്ളി (പ്രമേഹം), അയ്യംപന (പൈല്‍സ്), അടപതിയന്‍ (അള്‍സര്‍) സസ്യങ്ങളും, പാമ്പിന്‍ വിഷമിറക്കാനുള്ള അണലിവേഗം, വിഷമൂലി പോലുള്ള സസ്യങ്ങളും ഇവിടെയുണ്ട്. ഒരുലക്ഷം രൂപമുടക്കി കൃഷിവകുപ്പാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. നാടന്‍ ഔഷധച്ചെടികള്‍ ഫാമില്‍ കൃഷിചെയ്യുന്നുണ്ട്.മറ്റ് ഔഷധസസ്യങ്ങള്‍ കൂടി വിത്തുകളാക്കി കൃഷിചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഫാം അധികൃതര്‍.
Share your comments