<
  1. News

ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന് 

ഭക്തര്‍ക്ക് സായുജ്യമായി ഇന്ന് ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദര്‍ശനം. മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തില്‍ വ്യാഴാഴ്ച രാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം.

Asha Sadasiv
ezharaponnana
 
ഭക്തര്‍ക്ക് സായുജ്യമായി ഇന്ന് ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദര്‍ശനം. മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തില്‍ വ്യാഴാഴ്ച രാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം. കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയത്തെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം പരശുരാമനാല്‍ സ്ഥാപിതമായ 108  ശിവാലയങ്ങളില്‍ ഒന്നാണെന്നാണ് വിശ്വാസം. വലിയ വിളക്കും ഏഴരപ്പൊന്നാനയും ഏറ്റുമാനൂര്‍ മഹാശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ കാഴ്ചയാണ്. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച്  സ്വര്‍ണ്ണപാളികളാല്‍ പൊതിഞ്ഞ പൂര്‍ണ്ണ രൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഏഴരപ്പൊന്നാനകളെന്നാണ് വിശ്വാസം 
 
ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാവുക. ആസ്ഥാന മണ്ഡപത്തിന്റെ മുന്നിലെ പന്തലില്‍ വലിയ കാണിക്കസമയത്ത് സര്‍വ്വാഭരണവിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാന്‍ ഏഴരപ്പൊന്നാനകള്‍ അണിനിരക്കും. മണ്ഡപത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ മഹാദേവന്റെ  തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തില്‍ അരപ്പൊന്നാനയെയും സ്ഥാപിക്കും. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൌമുദം, .അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതാകയാല്‍ അരപൊന്ന്.
 
ഏഴരപ്പൊന്നാന വര്‍ഷത്തില്‍ കുംഭമാസത്തില്‍ മാത്രമാണ് ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുക. .ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അര്‍പ്പിക്കാന്‍ ഭക്തജന ലക്ഷങ്ങളാണ് എത്താറുള്ളത്. 
 
ഏഴരപ്പൊന്നാനയെ പുറത്തെടുക്കുന്ന മറ്റൊരവസരം ആറാട്ടുദിവസത്തിലാണ്. അന്നേ ദിവസം  തിരുവഞ്ചൂര്‍ പുഴയില്‍ ആറാടി പേരൂര്‍ കവലയിലെത്തുന്ന ഭഗവാനെ എതിരേല്‍ക്കാന്‍ ഗജവീരന്മാരോടൊപ്പം ഏഴരപ്പൊന്നാനകളും എത്തിച്ചേരുന്നു. ഈ രണ്ടുദിവസങ്ങള്‍ മാത്രമേ പൊന്നാനകളെ പുറത്തെടുക്കാറുള്ളൂ. ഏഴരപ്പൊന്നാനകള്‍ കൂടാതെ മറ്റൊരു ചെറിയ പൊന്നാനകൂടി ഭഗവാന്റേതായുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ കാഴ്ചവച്ചതാണിത്. എന്നാലിത് ഏഴരപ്പൊന്നാനകളുടെ കൂട്ടത്തില്‍ എഴുന്നള്ളിക്കാറില്ല.  
 
ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. ഭഗവാന്‍ സ്വയം കൊളുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന വലിയവിളക്ക്  ഇതുവരെയും അണഞ്ഞിട്ടില്ല.  അഞ്ചുതിരികളോടുകൂടിയ ഈ കെടാവിളക്കില്‍ നാലുദിക്കുകളിലേക്കും പിന്നെ ദിക്കുകളിലേയ്ക്കും കൂടാതെ വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് തിരികളിട്ടിരിയ്ക്കുന്നത്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച്  നൊന്തു പ്രാര്‍ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം .
English Summary: ettumanoor ezharaponnana darshan

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds