കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ ‘എക്സ്പീരിയൻസ് എത്‌നിക് കുസിൻ’ പദ്ധതിക്ക് വൻ സ്വീകാര്യത. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ലക്ഷ്യമിട്ടിരുന്നത്.
. ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം.പദ്ധതിയിൽ ഇതിനോടകം കേരളത്തിൽ 2,088 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം,കോഴിക്കോട് ജില്ലകളിൽ പരിശീലനവും പൂർത്തിയായി.
ഇവരെ ലൊക്കേഷൻ, ഫോട്ടോ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തും.അതിനാൽ സഞ്ചാരികൾക്ക് ഓൺലൈനായി ബുക്ക് ചെയ്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കാം. രജിസ്റ്റർ ചെയ്യുന്ന വീടുകൾ ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അടങ്ങുന്ന സമിതി സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത വിവിധ യൂണിറ്റുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അടുത്ത മാസം 15-ഓടെ എല്ലാ ജില്ലകളിലും ആദ്യഘട്ട പരിശീലനം പൂർത്തിയാക്കും. ഇ-മെയിൽ ഉപയോഗിക്കുന്നതിനു മുതൽ വെബ്‌സൈറ്റിൽ ഫോട്ടോ, റെസിപ്പി എന്നിവ ഇടുന്നതിനു വരെ വീട്ടമ്മമാർക്ക് പരിശീലനം നൽകുന്നുണ്ട്. പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു 3 വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ നടപ്പിലാക്കുവാന്‍ ഉത്തരവാദിത്ത ടൂറിസം മിഷനു സാധിക്കും.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഫ്‌റ്റ്‌വേർ അവതരിപ്പിച്ചിട്ടുണ്ട്. നവംബർ 15-ഓടെ സോഫ്‌റ്റ്‌വേർ സജ്ജമാകും. പിന്നീട് രണ്ടാംഘട്ട പരിശീലനവും നൽകും. സോഫ്‌റ്റ്‌വേർ ലഭ്യമാക്കിയാൽ ഉപഭോക്താക്കൾക്ക് ഇതുവഴി സ്വന്തമായി രജിസ്റ്റർ ചെയ്യാം. കൂടാതെ മൂന്ന് ഭാഷകളും ഇതിൽ ലഭ്യമാക്കും. ഇതിനു പുറമെ മൊബൈൽ ആപ്പ് ലഭ്യമാക്കാനും പദ്ധതിയുണ്ട്.പദ്ധതി വഴി 50,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിനോദസഞ്ചാരികൾക്ക് ‘നാട്ടിൻപുറത്ത് ഓണം ഉണ്ണാം’ പദ്ധതിയിലൂടെ 4,218 ഓണസദ്യയാണ് നടത്തിയത്. ഇതുവഴി 16.88 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഭക്ഷണം, താമസം എന്നിവ ഉൾപ്പെടെയാണിത്.
Share your comments