യുവകർഷകന്റെ നിശ്ചയദാർഢ്യം. അതിന് സ്വന്തം നാട്ടുകാർ നൽകിയ പിന്തുണ. അതിന്റെ വിജയമാണ് കോക്കാട്ട് ചാൽ പാടത്തെ ഓരോ പൊന്മണിയും. വിളവെടുപ്പിനെ ഒരു ഗ്രാമത്തിന്റെ മുഴുവൻ ഉത്സവമാക്കിയാണ് പനച്ചിക്കാട് ആഘോഷിച്ചത്. കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മുണ്ട് മടക്കിക്കുത്തി അരിവാളുമായി സ്വന്തം നാട്ടുകാർക്കൊപ്പം പാടത്തേക്കിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ സ്വപ്ന സാക്ഷാത്കാരം കൂടിയായി. സ്ത്രീ തൊഴിലാളികൾ ആ ആവേശം ഏറ്റെടുത്ത് കൊയ്ത്തിനിറങ്ങി.
27 വർഷമായി തരിശ് കിടന്ന പാടത്ത് കനകം വിളയിച്ചതിന് മുൻകൈയെടുത്ത, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ ജോണി ജോസഫ് എന്ന യുവകർഷകനെ അഭിനന്ദിക്കുന്നതിനും എല്ലാവർക്കും ഒരേ മനസ്സായിരുന്നു.
കീടനാശിനിയും വളങ്ങളും ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങളുടെ പരിഹാരമായി നാം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം. അതിന് നാടിന്റെ അംഗീകാരവും പിന്തുണയും എന്നും ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി. ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ പുതുപ്പള്ളിയിലെ സ്വന്തം പാടശേഖരത്തെ തരിശ് നിലത്ത് കൃഷി ഇറക്കാൻ ജോണിയെ അദ്ദേഹം ക്ഷണിച്ചു. അടുത്ത കൃഷി ഇനി പുതുപ്പള്ളിയിൽ നടത്തണമെന്നും അവിടെ ഉണ്ടാകണമെന്നും.
കുടുംബശ്രീ പ്രവർത്തകരുടെ നാടൻ ഭക്ഷ്യമേളയിലെ വ്യത്യസ്ത വിഭവങ്ങളും നാടൻ പശുക്കളുടെ പ്രദർശനവും ഉത്സവത്തിന് കൊഴുപ്പേകി. പാടത്തിനോട് ചേർന്ന ചിറയിൽ ജൈവ രീതിയിൽ കൃഷി ചെയ്ത പൂത്തു നിൽക്കുന്ന വെണ്ടയും വേറിട്ട കാഴ്ചയായി.
സ്വന്തം നാട്ടുകാരും പനച്ചിക്കാട് കാർഷിക സേവനകേന്ദ്രവും പഞ്ചായത്തും കൃഷിഭവനും ജനപ്രതിനിധികളും നൽകിയ പിന്തുണയാണ് 20 ഏക്കറിൽ കൃഷി ഇറക്കാൻ ജോണിയുടെ ഊർജ്ജം.
അന്നപൂർണ്ണ നെല്ലാണ് ഇവിടെ വിതച്ചത്. ഇവിടെ വിളയിച്ച നെല്ല് 'പാത്താമുട്ടം റൈസ് ' എന്ന പേരിൽ വിപണിയിലെത്തും.
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുൻ ആഭ്യന്തര റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണൻ 'പാത്താമുട്ടം റൈസി'ന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻറ് കുര്യൻ ജോയി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മറ്റ് ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Share your comments