1. എല്ലാ ഇൻഷുറൻസ് പോളിസികൾക്കും kyc നിർബന്ധമാക്കി ഉത്തരവിറക്കി ഇൻഷുറൻസ് റെഗുലേറ്റർ ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ആരോഗ്യം, വാഹനം, യാത്ര, വീട് എന്നിവയുൾപ്പെടെ എല്ലാ പുതിയ ഇൻഷുറൻസ് പോളിസികൾക്കും ഇത് ബാധകമാണ്. ജനുവരി 1 ന് ശേഷം പുതുക്കുന്ന എല്ലാ പോളിസികൾകുമാണ് kyc ബാധകമാകുക. പാനും ആധാറും ഉൾപ്പെടെയുള്ള വിവരങ്ങൾ നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ക്ലെയിമുകള്‍ ഒഴിവാക്കുന്നതിനും, പോളിസികള്‍ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
2. കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്.
3. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മോന്താനം ജമാഅത്ത് പള്ളി അങ്കണത്തിൽ പച്ചക്കറി കൃഷി തുടങ്ങി. കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ ,കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അനുഗ്രഹ കൃഷിഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് KG. ഹരി ഉദ്ഘാടനം ചെയ്തു.
4. ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ചേർത്തല തെക്ക് കൃഷിഭവൻ ഉദ്യോഗസ്ഥരും ചേർന്ന് കൃഷി ചെയ്യുന്ന കൃഷിയുടെ അഞ്ചാംഘട്ട പദ്ധതികൾക്ക് തുടക്കം കുറിച്ചു.
5. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന “ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കോണ്‍ട്രോള്‍” എന്ന കേന്ദ്രാവിഷ്ക്രിത പദ്ധതിയുടെ കീഴില്‍ മൊബൈല്‍ വെറ്ററിനറി യുണിറ്റുകളുടെ ഫ്ലാഗ് ഓഫ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രുപാലയും കേന്ദ്രീകൃത കോള്‍ സെന്‍റര്‍ സംവിധാനത്തിന്‍റെ ഉത്ഘാടനം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും നിര്‍വഹിച്ചു. ചടങ്ങില്‍ ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.
6. ആലങ്ങാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി തുടങ്ങി.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസിക വികാസത്തിന് കൃഷി സഹായിക്കുമെന്ന കണ്ടെത്തലിൻ്റെ ഭാഗമായി ബഡ് സ്കൂൾ അങ്കണത്തിലാണ് കൃഷിയാരംഭിച്ചത്.നടീൽ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് നിർവഹിച്ചു. നടാനാവശ്യമായ പച്ചക്കറിതൈകൾ ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിന്നും സൗജന്യമായി നൽകി.
7. കുറുപ്പംകുളങ്ങര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. കൃഷിയുടെ നടീല്‍ ഉദ്ഘാടനം ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ നിർവഹിച്ചു. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്തതയും കൈവരിക്കുക, വിദ്യാര്‍ഥികളില്‍ കൃഷി അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ വ്യക്തിയില്‍ നിന്ന് പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് പി.ടി.എ.യുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നത്.
8. കൃഷിവകുപ്പിന് കീഴില്‍ ആനയറയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഗര മൊത്തവ്യാപാര വിപണിയില്‍ വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റ് ന്യൂ ഇയര്‍ ഫെസ്റ്റ് 2023ന് തുടക്കമായി. ജനുവരി 15 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വേൾഡ് മാർക്കറ്റിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
9. തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക പഠനം ആരംഭിച്ചു. KMRLൻ്റെ നേതൃത്വത്തില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പഠനം നടത്തുന്നത്. പദ്ധതിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കളക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിനിധികള്‍ വിശദീകരിച്ചു.
10. എറണാകുളം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക രാത്രി പരിശോധനയില്‍ 20 സ്ഥാപനങ്ങളും വ്യാഴാഴ്ച 53 സ്ഥാപനങ്ങളും വിധേയമായി. ലൈസന്‍സ് ഇല്ലാതെയും, വൃത്തിഹീനമായും പ്രവര്‍ത്തിച്ച നിരവധി ഹോട്ടലുകളുടെ പ്രവർത്തനം നിർത്തി വെക്കാൻ നിർദ്ദേശം നൽകി. 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 38 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 70,500 രൂപ പിഴയിനത്തില്‍ ഈടാക്കി.
11. സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതിയിലൂടെ സാധ്യമാക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ.
12. ഒരൊറ്റക്കൊല്ലം കൊണ്ട് ഹരിതകര്‍മ്മസേന നീക്കം ചെയ്തത് 4836 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 28,235 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്, ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിത കർമ്മ സേന മാലിന്യനിർമ്മാർജനം നടത്തുന്നത്.
13. തൊഴിലും, സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സഭകളുടെ പ്രവർത്തനവും അതുവഴി ലക്ഷ്യംവെക്കുന്ന പ്രാദേശിക സാമ്പത്തിക വികസനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
14. 2025 വരെ 1.06 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ നിക്ഷേപങ്ങളോടെ പ്ലാന്റ് റിസോഴ്‌സ് മേഖലയിലും ഹരിതഗൃഹങ്ങളിലും വിപുലീകരണ പദ്ധതിക്ക് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൾറഹ്മാൻ അൽ-ഫദ്‌ലി അംഗീകാരം നൽകി. കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉൽപ്പാദന ശേഷി ഉയർത്താൻ ലക്ഷ്യമിടുന്ന ബന്ധപ്പെട്ട അധികാരികളുമായും സ്വകാര്യമേഖലാ കമ്പനികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
15. ഇന്നും നാളെയും ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്ക് ദിശയിൽ നിന്നോ കിഴക്ക് ദിശയിൽ നിന്നോ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ബന്ധപ്പെട്ട വാർത്തകൾ: North East: സംസ്ഥാനങ്ങളിലെ കാർഷിക മേഖല വികസിപ്പിക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നു, കേന്ദ്ര കൃഷി മന്ത്രി
Share your comments