വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകസമരം ആറാം ദിവസത്തിലേക്കു കടന്നപ്പോള്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. വിവിധ കര്‍ഷക സംഘടനകള്‍ ഞായറാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് .രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി കേരളത്തില്‍ സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കള്‍ അറിയിച്ചു. ഭാരത് ബന്ദിന് കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.
ഉല്‍പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ കിസാന്‍ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നേതൃത്വത്തില്‍ മഹാപ്രക്ഷോഭം നടക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് സമരം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്.
സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിഞ്ഞാണ് കര്‍ഷരുടെ പ്രതിഷേധം. നഗരങ്ങളിലേക്ക് പച്ചക്കറി കയറ്റി അയക്കുന്നതും താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 'മന്‍സോര്‍ കര്‍ഷക പ്രക്ഷോഭം' നടന്ന മധ്യപ്രദേശിലെ മന്‍സോര്‍ തന്നെയാണ് ഇത്തവണയും കര്‍ഷക സമരത്തിന്റെ പ്രധാനകേന്ദ്രം. ബുധനാഴ്ച മന്‍സോറില്‍ നടക്കുന്ന റാലിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.
അഖിലേന്ത്യ കിസാന്‍സഭയുള്‍പ്പെടെ 12 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണു മുന്‍പ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തിയത്.
Share your comments