കാലാവസ്ഥാ വ്യതിയാനം , പുതിയ കീടങ്ങള്‍, വരള്‍ച്ച, വിലയിടവ് എന്നിവ താഴേക്കിടയിലുള്ള കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. വിളവെടുപ്പ്, കന്നുകാലി ഉല്‍പ്പാദനം എന്നീ കാര്‍ഷിക മേഖലകള്‍ കൂടാതെ വനം, ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നീ മേഖലകളും കടുത്ത ഭീഷണി നേരിടുകയാണെന്ന് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) ഹാനോയില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2005 നും 2015 നും ഇടയില്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം വികസ്വര രാജ്യങ്ങളിലെ കാര്‍ഷിക മേഖലകള്‍ക്ക് വിളകളിലും കന്നുകാലി വളര്‍ത്തലിലും 9,600 കോടി ഡോളര്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 4,800 കോടി ഡോളറിന്റെ നഷ്ടവും സംഭവിച്ചത് ഏഷ്യയിലാണ്. വരള്‍ച്ചയാണ് ലോകമൊട്ടാകെ കര്‍ഷകര്‍ നേരിടുന്ന പ്രധാന ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളപ്പൊക്കവും, ചുഴലിക്കാറ്റുകളും കൂടാതെ ഭൂകമ്പം, സുനാമി, കൂടിവരുന്ന താപനില എന്നിവയും ഏഷ്യന്‍ രാജ്യങ്ങളുടെ കാര്‍ഷിക വ്യവസ്ഥയെ ബാധിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു .
എഫ്.എ.ഒ യുടെ കണക്കുകള്‍ പ്രകാരം വരള്‍ച്ച മൂലം ആഗോള കാര്‍ഷിക രംഗത്തിനുണ്ടായ ആകെ നഷ്ടം എകദേശം 2,900 കോടി ഡോളര്‍ വരും. 'ഇത് തീര്‍ത്തും സാധാരണം ആയി മാറിയിരിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഈ ഭീഷണികളെയും വെല്ലുവിളികളെയും കൂടുതല്‍ ശക്തമാക്കും,'' റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ജോസെ ഗ്രാജിയാനോ ഡാ സില്‍വ പറഞ്ഞു.ഭക്ഷ്യ ഉല്‍പ്പാദനം, ഭക്ഷ്യസുരക്ഷ, ജനങ്ങളുടെ ഉപജീവനം എന്നിവയെ ഈ വെല്ലുവിളികളും ഭീഷണികളും എങ്ങനെ ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Share your comments