കർഷകന്റെ സർവോന്മുക ക്ഷേമം ലക്ഷ്യമാക്കി കേരള സർക്കാരും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള കർഷക ക്ഷേമനിധി. ഇന്ത്യയിൽ തന്നെ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആദ്യമായി ഒരു കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്.
2019 ഡിസംബര്‍ 20ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രാബല്യത്തിൽ എത്തിയത്.
കൃഷി ഉപജീവനമാക്കിയ കർഷകന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനും വേണ്ടി പെന്‍ഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നല്‍കുന്നതിനായാണ് ഇത് ലക്ഷ്യം വച്ചിട്ടുള്ളത്. കാര്‍ഷികവൃത്തിയിലേക്ക് യുവ തലമുറയെ ആകര്‍ഷിക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഈ പദ്ധതിയെ സംബന്ധിച്ച് വരുന്ന ഏറ്റവും പുതിയ വാർത്ത കേരള കർഷക ക്ഷേമ നിധി ബോർഡിൽ കർഷകർക്ക് ഇനിമുതൽ ഓൺലൈനിലൂടെ അംഗത്വം എടുക്കാമെന്നതാണ്. ബോർഡിലേക്ക് ഭാഗമാകുന്നതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഡിസംബർ ഒന്ന് മുതലാണ് ആരംഭിച്ചത്.
ക്ഷേമനിധി ബോർഡിൽ ആർക്കൊക്കെ അംഗമാകാം?
18 വയസ് പൂർത്തിയായ ഏതൊരു കർഷകനും ക്ഷേമനിധി ബോർഡിൽ അംഗമായി രജിസ്റ്റർ ചെയ്യാം.
ഇവർക്ക് 60 വയസിന് ശേഷം പ്രതിമാസം പരമാവധി 5,000 രൂപ വീതം പെൻഷനായി സർക്കാർ നൽകുന്നു. രാജ്യത്ത് കർഷകർക്ക് മാത്രമായി പെൻഷനും മറ്റ് ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു ക്ഷേമനിധി കൊണ്ടുവരുന്നത് അപൂർവ്വവും ആദ്യവുമാണ്.
കുടുംബപെൻഷൻ, അനാരോഗ്യ–അവശത–പ്രസവ ആനുകൂല്യം, ചികിത്സ–വിവാഹധനസഹായം, വിദ്യാഭ്യാസ–ഒറ്റത്തവണ ആനുകൂല്യം എന്നിവയും മരണാനന്തര ആനുകൂല്യവുമാണ് ഇതിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ.
പച്ചക്കറി- ധാന്യവിളകളുടെ കൃഷിയിലും അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടുനൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാടക്കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്കും പദ്ധതിയിൽ പങ്കാളിത്തം നേടാം.
കൃഷി ഭൂമിയുടെ ഉടമസ്ഥനായോ, കൈവശക്കാരനായോ, അനുമതി പത്രക്കാരനായോ, വാക്കാൽ പാട്ടക്കാരനായോ, സർക്കാർ ഭൂമി പാട്ടക്കാരനായോ, കുത്തക പാട്ടക്കാരനായോ, ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5- 15 ഏക്കർ പരിധിയിൽ കൃഷി ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും ബോര്‍ഡിൽ അംഗങ്ങളാകാന്‍ സാധിക്കും.
ഏലം, റബ്ബർ, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കറാണ് പരിധി നിർദേശിച്ചിട്ടുള്ളത്.
അപേക്ഷിക്കേണ്ട വിധം
kfwfb.kerala.gov.in എന്ന കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ് പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സേവനം ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ളവർക്കും സ്വയം തന്നെ രജിസ്ട്രേഷൻ എടുക്കാനാകും.
മൊബൈൽ നമ്പർ നൽകി, ഇതിലേക്ക് വരുന്ന ഒടിപിയും ഒപ്പം, ആധാർ നമ്പരും അനുബന്ധ രേഖകളും സമർപ്പിച്ച് അംഗത്വം എടുക്കണം.
കർഷകർ സമർപ്പിക്കേണ്ട അനുബന്ധ രേഖങ്ങൾ
കർഷകന്റെ പേര്, മേൽ വിലാസം
കൃഷിഭൂമി സംബന്ധമായ വിവരങ്ങൾ, വരുമാനം, കൃഷിയിൽ നിന്നുള്ള ആദായം, കരം അടച്ച രസീത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, തൊഴിൽ, നോമിനി തുടങ്ങിയ വിവരങ്ങൾ.
പാസ്പോർട്ട് സൈസ് ഫോട്ടോ, കൂടാതെ സാക്ഷ്യപത്രം എന്നിവയാണ് അംഗത്വത്തിനായി നൽകേണ്ട രേഖകൾ.
Share your comments