<
  1. News

കർഷകദിനാഘോഷവും അവാർഡ് വിതരണവും നാളെ, അഞ്ചു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത... കൂടുതൽ കാർഷിക വാർത്തകൾ

കാബ്കോ എക്സ്പോ സെന്റർ ആൻഡ് അഗ്രിപാർക്കിന് നാളെ ശിലാസ്ഥാപനം, സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; കർഷകദിനാഘോഷവും അവാർഡ് വിതരണവും നാളെ വൈകുന്നേരം ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കർഷകദിനാഘോഷവും അവാർഡ് വിതരണവും നാളെ വൈകുന്നേരം
കർഷകദിനാഘോഷവും അവാർഡ് വിതരണവും നാളെ വൈകുന്നേരം

1. കാബ്കോ എക്സ്പോ സെന്റർ ആൻഡ് അഗ്രിപാർക്കിന് നാളെ ശിലാസ്ഥാപനം. കാർഷിക സംരംഭങ്ങളെയും കൂട്ടായ്മകളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്താൻ ലക്ഷ്യമിട്ട് തലസ്ഥാനനഗരിയിൽ കൃഷിവകുപ്പ് ഒരുക്കുന്ന പുതിയ സമുച്ചയമാണ് കാബ്കോ എക്സ്പോ സെന്റർ ആൻഡ് അഗ്രിപാർക്ക്. കാബ്കോ പണികഴിപ്പിക്കുന്ന എക്സ്പോ സെന്റർ ആനയറ വേൾഡ് മാർക്കറ്റിന്റെ കോമ്പൗണ്ടിലാണ് ഉയരുന്നത്. അഗ്രിപാർക്കിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 17 ന് രാവിലെ 11:30 ന് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിക്കും. 65,000 ചതുരശ്ര അടിയിൽ അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ സെന്ററിൽ എക്സിബിഷനുകൾ, കൺവൻഷനുകൾ, ട്രേഡ് ഷോകൾ, ബിസിനസ് മീറ്റുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 1,02,876 ചതുരശ്ര അടി വിസ്തൃതിയിൽ ഏഴു നിലകളിലായി ഓഫീസ് മുറികളും മീറ്റിംഗ് സംവിധാനങ്ങളോടും കൂടി കൃഷിവകുപ്പിന്റെ അനുബന്ധ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും പ്രവർത്തിക്കുവാനുള്ള സൗകര്യവും അഗ്രി പാർക്കിൽ സജ്ജമാക്കും.

2. ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ അവാർഡിന് ശ്രാവന്തിക എസ് പിയും അർഹരായി. നാളെ വൈകിട്ട് 3 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന കർഷകദിനാഘോഷം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. കൃഷിവകുപ്പിന്റെ കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ്പിന്റെ ലോഞ്ചും മുഖ്യമന്ത്രി നിർവഹിക്കും. കർഷകദിനാഘോഷം ഉദ്ഘാടന ചടങ്ങിന് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അധ്യക്ഷത വഹിക്കും

3. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Farmers Day celebration and award distribution tomorrow, five more days of heavy rain... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds