കാര്‍ഷിക അഭിവൃദ്ധിയില്ലാതെ കേരളവികസനം പൂര്‍ത്തിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികപ്രാധാന്യമുള്ള സംസ്ഥാനമാണെങ്കിലും ആധുനിക കൃഷിരീതികള്‍ വേണ്ടത്ര സ്വായത്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ വേണം.സംസ്ഥാനത്തിന് കാര്‍ഷികമേഖലയില്‍ കാലാനുസൃതമായ പുരോഗതി നേടാന്‍ നബാര്‍ഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രളയം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ അതിജീവിച്ച് ഭാവിയില്‍ ഏതു പ്രതിസന്ധിയും അതിജീവിക്കാനാകുന്ന കേരളം പുനര്‍നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. പ്രളയത്തില്‍ ഒട്ടേറെ ജീവനോപാധികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭൂമിഘടനയും പലയിടത്തും മാറി. മേല്‍മണ്ണ് നഷ്ടപ്പെട്ട് പുതിയ സ്വഭാവത്തിലുള്ള ഭൂമിയാണ് പലയിടത്തും. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രജ്ഞരുടേതടക്കമുള്ളവരുടെ സഹായം തേടിയുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിലുള്ള ഒട്ടേറെ പുതിയ അറിവുകളും ആശയങ്ങളും സ്വായത്തമാക്കാനാണ് ശ്രമിക്കുന്നത്. പ്രളയദുരന്തമുണ്ടായപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും തങ്ങള്‍ക്കുണ്ടായ ദുരന്തം പോലെയാണ് പ്രതികരിച്ചത്. അത്തരത്തില്‍ നബാര്‍ഡിന്റെ പ്രതികരണവും സഹകരണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 2019-20 ലേക്കുള്ള നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെയും മേഖലാ വികസന പദ്ധതികളുടേയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
1,46,162.78 കോടി രൂപയാണ് 2019-20 ലേക്കുള്ള സ്റ്റേറ്റ് ഫോക്കസ് പേപ്പറില്‍ വായ്പാ സാധ്യതയായി നബാര്‍ഡ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴുശതമാനം അധികമാണ്. ഇതില്‍ 47 ശതമാനം കാര്‍ഷിക മേഖലയെയാണ് ലക്ഷ്യമാക്കുന്നത്. 69,303.34 കോടി രൂപയാണിത്. ആകെ വായ്പാ സാധ്യതയില്‍ 28 ശതമാനമായ 41,091.07 കോടി രൂപ മൈക്രോ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനാവുമെന്നും നബാര്‍ഡ് കണക്കാക്കുന്നു.
സുസ്ഥിര കാര്‍ഷികവികസനത്തിന് മികച്ച ഉത്പാദനത്തിനൊപ്പം മൂല്യവര്‍ധിത സാധ്യതകളും സുശക്തമായ വിപണന സംവിധാനവും ഒരുക്കാന്‍ നബാര്‍ഡ് പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പലിശരഹിതമോ, കുറഞ്ഞ പലിശയുള്ളതോ നൂലാമാലകളില്ലാത്തതോ ആയ വായ്പകള്‍ ലഭ്യമാക്കണം. കര്‍ഷക ഉത്പാദക സംഘങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ നബാര്‍ഡിന്റെ സേവനം മികച്ചതാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാരും ബാങ്കുകളും നല്‍കുന്ന പലിശയിളവുകള്‍ അവര്‍ക്ക് തന്നെ ലഭിക്കണം. കാര്‍ഷിക വായ്പകള്‍, പ്രത്യേകിച്ച് സ്വര്‍ണപ്പണയ വായ്പകള്‍ കര്‍ഷകരില്‍ എത്തുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: farmer's prosperity essential for development of Kerala farmers Credit Seminar
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments