വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുംബൈയിലേക്കു മാർച്ച് നടത്തിയ കർഷകർ, പ്രശ്നങ്ങൾ പരിഹരിക്കാമെന്നു മഹാരാഷ്ട്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ നിന്നു സംഘടിച്ചെത്തിയ റാലിയിൽ ഇരുപതിനായിരത്തോളം പേരാണു പങ്കെടുത്തത്. ദക്ഷിണ മുംബൈയിൽ ആസാദ് മൈതാനത്തു തമ്പടിച്ച ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. എട്ടു മാസത്തിനിടെ മുംബൈയിലേക്ക് എത്തിയ രണ്ടാമത്തെ വലിയ കർഷക റാലിയാണിത്. കഴിഞ്ഞ മാർച്ചിൽ കിസാൻ സഭ നടത്തിയ ലോങ് മാർച്ചിനു പിന്നാലെ നൽകിയ ഉറപ്പുകളേറെയും പാലിക്കാത്ത സാഹചര്യത്തിലാണ് ലോക് സംഘർഷ് മോർച്ചയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ റാലി.
വനാവകാശ നിയമം വഴി ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ ആദിവാസി മേഖലയുള്‍പ്പെട്ട അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കിസാന്‍ ലോങ് മാര്‍ച്ചില്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ച സമിതി നല്‍കിയ ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. ആദിവാസി കർഷകർക്കു കൃഷി ചെയ്യുന്ന വനഭൂമിയുടെ അവകാശം ഡിസംബറിനകം നൽകാമെന്നും സർക്കാർ ഉറപ്പു നൽകി. സ്വാമി നാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമത്തിന് കീഴിലുള്ള നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്യുക, വിളകള്‍ക്ക് അടിസ്ഥാന വില വര്‍ധിപ്പിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജ്യൂഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
Share your comments