കഴിഞ്ഞ പ്രളയസമയത്തു കൃഷി നശിച്ചവർക്ക് നൽകിയ സഹായം ഇത്തവണയും നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. മടവീണ കുട്ടനാട് കൈനകരിയിലെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.കുട്ടനാട്ടിൽ 19 പാടങ്ങളിൽ മടവീണ് 1051 ഹെക്ടർ കൃഷി നശിച്ചു. പുറംബണ്ട് കവിഞ്ഞ് 56 പാടശേഖരങ്ങളിലെ 2172 ഹെക്ടർ കൃഷി വെള്ളത്തിൽമുങ്ങി. ആകെ 3,000 ഹെക്ടറിലധികം കൃഷി പൂർണമായും നശിച്ചു. ഇവർക്ക് അടുത്ത കൃഷിക്ക് സൗജന്യമായി വിത്ത് നൽകും.
മടവീണ സ്ഥലത്ത് പമ്പിങ് സബ്‌സിഡി വിളവെടുപ്പിന് മുമ്പ് നൽകുന്നതിന് കഴിഞ്ഞതവണ ഇറക്കിയ ഉത്തരവ് ഇത്തവണയും ബാധകമാക്കും.മട കുത്താൻ ആരംഭിച്ചവർക്ക് 20 ശതമാനം തുക മുൻകൂറായി നൽകും. .ഇതിന്റെ അടങ്കൽ തയ്യാറാക്കുകയാണ്. കാലതാമസം ഒഴിവാക്കാൻ കോട്ടയം ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കും. മടവീണ കൃഷിക്കാർക്ക് ലഭിക്കാനുള്ള മൂന്നുകോടി രൂപ നൽകാനുള്ള നടപടിയെടുത്തു.രണ്ടാംകൃഷി ഇറക്കാത്തത് അന്വേഷിക്കും bbചില പാടങ്ങളിൽ രണ്ടാംകൃഷി ഇറക്കാത്തതിന്റെ കാരണങ്ങൾ അന്വേഷിക്കും. തക്കതായ കാരണങ്ങളില്ലാതെ രണ്ടാംകൃഷി ഇറക്കാത്തത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട് രണ്ടാംപാക്കേജിന് 1000 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ പ്രാധാന്യവും മുൻഗണനയും നിശ്ചയിച്ച് വകുപ്പുകളുടെ ഏകോപനത്തോടെ വേണം നടപ്പാക്കാൻ.ധൃതിയിൽഎന്തെങ്കിലും ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.ഈ മഴക്കെടുതിയിൽ ജില്ലയിൽ 119 കോടി രൂപയുടെ കൃഷി നഷ്ടം ഉണ്ടായി. കേരളത്തിൽ 1300 കോടി രൂപയുടെ കൃഷിനഷ്ടം ഉണ്ടായി. 33,000 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചു. ഒന്നേകാൽ ലക്ഷം കൃഷിക്കാരെയാണ് ബാധിച്ചത്. തിരിച്ചടി നേരിടുമ്പോഴും കാർഷിക വളർച്ചാനിരക്ക് ഉയർന്ന് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Share your comments