ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള നെല്ലുത്പാദകരുടെ കൂട്ടായ്മ ഒരുങ്ങി.ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും ബാങ്കുകളുടെ ജപ്തിനടപടികളില്‍നിന്നും രക്ഷനേടാന്‍ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ നെല്ലുത്പാദകര്‍ ചേര്‍ന്നതാണ് കൂട്ടായ്മയ്ക്ക് രൂപംനൽകിയത്'മള്‍ട്ടിസ്റ്റേറ്റ് പാഡി ഫാര്‍മേഴ്‌സ് സഹകരണ സൊസൈറ്റി' എന്നാണ് പേര്.സ്വന്തം പാടത്ത് വിളയിച്ച പാലക്കാടന്‍ മട്ടനെല്ല് 'ഞാറ്റുവേല' എന്നപേരില്‍ അരിയാക്കി ഇനി കര്‍ഷകര്‍ നേരിട്ടു വില്‍ക്കും. അവില്‍, അരിപ്പൊടി എന്നിവയും ഇവര്‍ വില്‍ക്കും.
ചൂഷണങ്ങള്‍ക്കെതിരേയുള്ള സ്വയംപ്രതിരോധമാണിതെന്ന് കര്‍ഷകര്‍ പറയുന്നു.പാലക്കാട് സിറ്റി ആര്‍ക്കേഡിലാണ് സംഘത്തിന്റെ പ്രധാന ഓഫീസ്. അംഗങ്ങളായ കര്‍ഷകരുടെ നെല്ലിന് താങ്ങുവിലയ്ക്കനുസരിച്ചുള്ള സുസ്ഥിരവിപണിയും ഈ കൂട്ടായ്മ ഉറപ്പാക്കും..ദക്ഷിണേന്ത്യയിലെ പ്രധാന അരിയുത്പാദകരായ ആന്ധ്രയിലെ നെല്ലൂര്‍, ഗുണ്ടൂര്‍, ചിറ്റൂര്‍, തെലങ്കാനയിലെ നിസാമാബാദ്, തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട, കര്‍ണാടകത്തിലെ പുത്തൂര്‍, മംഗലാപുരം എന്നീ പ്രദേശങ്ങളിലെ നെല്‍ക്കര്‍ഷകരും കൂട്ടായ്മയ്ക്ക് ഉറച്ചപിന്തുണയുമായി രംഗത്തുണ്ട്.
ഉത്പന്നങ്ങള്‍ക്കുള്ള സാങ്കേതിക സഹായങ്ങള്‍ക്കുപുറമേ വിപണി കണ്ടെത്താനും ഇവരുടെ സഹായമുണ്ടാവും. സംസ്ഥാനത്ത് ഉത്പാദനമില്ലാത്ത മാസങ്ങളില്‍ നെല്ല് എത്തിക്കാനും കൂട്ടായ്മ സഹായകരമാവും. നെല്ല് അരിയാക്കുന്നതിനുപുറമേ ശുദ്ധീകരണം, പാക്കിങ് എന്നിവയ്ക്കും സാങ്കേതികസഹായം ആവശ്യമുണ്ട്..സംഭരണത്തില്‍ മില്ലുകാര്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന ജയ, സിഗപ്പി തുടങ്ങിയ വെള്ളഅരി ഇനങ്ങള്‍ക്ക് വിപണി കണ്ടെത്താനും കൂട്ടായ്‌മ സഹായിക്കും .
Share your comments