ആഗസ്റ്റ് മാസത്തിലുണ്ടായ അതിരൂക്ഷമായ പ്രളയം തങ്ങളുടെ സ്വപ്‌നങ്ങളെല്ലാം തകർത്തെറിഞ്ഞെന്ന് ദുഖിച്ചിരിക്കാതെ, വെല്ലുവിളികൾ ഏറ്റെടുത്ത് അതിജീവത്തിന്റെ പാതയിലാണ് വെണ്മണിയിലെ കർഷകർ. കർഷക കൂട്ടായ്മയിൽ മാമ്പ്ര പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് തുടക്കമായി. ചെങ്ങന്നൂർ താലൂക്കിലെ വെൺമണി, ആലാ, ചെറിയാനാട് ഗ്രാമ പഞ്ചായത്തുകളിലായി ഏതാണ്ട് മുന്നൂറ്റി അമ്പതേക്കറിലധികം വരുന്ന പാടശേഖരങ്ങളിലൊന്നാണ് മാമ്പ്ര പാടശേഖരം. അതിൽ വെണ്മണി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ വരുന്ന 40 ഹെക്ടറിലാണ് നെൽകർഷകരുടെ കൂട്ടായ്മയായ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നെൽവിത്ത് വിതച്ചത്.
മധ്യതിരുവിതാംകൂറിലെ കാർഷിക സംസ്‌കൃതിയുമായി ഏറെ ബന്ധമുള്ള പാടശേഖരങ്ങളിലൊന്നാണ് മാമ്പ്ര പാടശേഖരം. മാമ്പ്ര പാടശേഖരത്തിലെ ഞാറു നടീലും, കള പറിയ്ക്കലും, വിതയ്ക്കുന്നതും, കൊയ്യുന്നതും, മെതിക്കുന്നതുമെല്ലാം പ്രദേശത്ത് ഉത്സവ പ്രതീതി ഉളവാക്കിയിരുന്നതായി പഴമക്കാർ പറയുന്നു. വിരിപ്പ് നിലമായിരുന്ന ഇവിടെ വർഷങ്ങൾക്കു മുമ്പ് മുപ്പൂകൃഷി വരെ ചെയ്തിരുന്നു. പാടശേഖരത്തിൽ നിന്നു കൊയ്യുന്ന നെല്ല് മില്ലുകൾ നേരിട്ട് വാങ്ങുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി യഥാർത്ഥ വില കർഷകർക്ക് നൽകുകയെന്ന സദുദ്ദേശത്തോടു കൂടിയാണ് സപ്ലേകോയ്ക്ക് നേരിട്ട് നൽകുന്നതെന്നു പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ തന്നെ പാടത്ത് ഇടവിളയായി പാവൽ, പാടവലം, വെള്ളരി തുടങ്ങിയ ഇടവിള കൃഷിയായി പച്ചക്കറിയും കൃഷിചെയ്യും. അതിനായി കർഷകരുടെ ഒരു ക്ലസ്റ്റർ പ്രവർത്തിക്കുന്നു. ആലപ്പുഴ ജില്ലയിലെ എ ഗ്രേഡ് ക്ലസ്്റ്ററുകളിലൊന്നാണ് വെണ്മണിയിൽ പ്രവർത്തിക്കുന്നത്. മാമ്പ്ര പാടത്തെ നെൽകർഷകരും അവർക്ക് നേതൃത്വം നൽകുന്ന പാടശേഖരസമിതിയും നെൽ വിത്ത് വിതയ്ക്കാൻ തയ്യാറായി മുന്നോട്ട് വന്നപ്പോൾ സംസ്ഥാന കൃഷിവകുപ്പ് അവർക്കു വേണ്ട എല്ലാ പിന്തുണയും നൽകിവരുന്നതായി പാടശേഖര സമിതി സെക്രട്ടറി രമേശ് കുമാർ പറഞ്ഞു.
Share your comments