കൃഷിപ്പണിക്കായി അങ്കമാലിക്കാര്‍ക്ക് ഇനി ഇതരസംസ്ഥാന തൊഴിലാളികളെ അന്വേഷിച്ചു പോകണ്ട. നാട്ടുകാരായ 65 മിടുക്കികള്‍ ഏതു കൃഷിപ്പണി ചെയ്യാനും റെഡിയായി നില്‍പ്പുണ്ട്. ആവശ്യപ്പെട്ടാല്‍ ഞാറുനടാനും കളപറിക്കാനും മാത്രമല്ല തെങ്ങുകയറാന്‍ വരെ ഇവര്‍ വരും. ന്യായമായ കൂലി നല്‍കണമെന്നു മാത്രം.
അങ്കമാലി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് ബ്ലോക്കിന്റെ കീഴില്‍ താമസിക്കുന്ന 65 വനിതകളെ കൃഷിപ്പണികളില്‍ പ്രത്യേക പരിശീലനം നല്‍കി പുറത്തിറക്കിയിരിക്കുന്നത്. മഹിളാ കിസാന്‍ സശാക്തീകരണ്‍ പദ്ധതി പ്രകാരമാണ് വനിതകള്‍ക്കുള്ള പ്രത്യേക പരിശീലനം പൂര്‍ത്തീകരിച്ചത്.ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ നെല്‍കൃഷി വികസന പരിപാ ടിയാണ് മഹിളാ കിസാന്‍ സ്ത്രീ ശാക്തീകരണ്‍ പരിയോജന. യന്ത്രവല്‍കൃത നെല്‍കൃഷി സമ്പ്രദായങ്ങള്‍ സ്ത്രീകളെ പരിശീലിപ്പിച്ച് അവരെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കുകയും കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ സേവനം ലഭ്യമാക്കി തകര്‍ന്നു കൊണ്ടിരിക്കുന്ന നെല്‍ക്കൃഷി പുനരാരംഭിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ സ്തീകളുടെ വരുമാനവും സമ്പാദ്യവും വര്‍ധിപ്പിക്കുക പാഴ്‌നിലങ്ങളെ കൃഷിയോഗ്യമാക്കുക, നെല്ലുല്‍പാദനം വര്‍ധിപ്പിക്കുക ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക ജൈവകൃഷി പ്രോത്സാഹിപ്പിക്കുക കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക, ജലവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷം 40 ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ പണി എടുത്തിട്ടുള്ള 18 നും 50 നും മധ്യേ പ്രായമുള്ള വനിതകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഡുകളില്‍ അഞ്ചംഗ ലേബര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ ലേബര്‍ ടീം ടീമുകളെ ഉള്‍പ്പെടുത്തി ബ്ലോക്ക് തലത്തില്‍ ലേബര്‍ബാങ്ക് എന്നതാണ് സംഘടനാ സംവിധാനം. ലേബര്‍ ബാങ്കുകള്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി അതു വഴി പണമിടപാടുകള്‍ ന്നടത്തുകയും ചെയ്യുന്നു. ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രാമവികസന കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പടെ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നു.
കാര്‍ഷികയന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകളെ പരിശീലിപ്പിക്കുകയും ഞാറുനടുന്നതിനും കളപറിക്കുന്നതിന്നും കൊയ്യുന്നതിനും മെതിക്കുന്നതിനും സ്ത്രീ സൗഹൃദ യന്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാന പരിപാടികള്‍. നാലു ദിവസത്തെ ക്ലാസ് റൂം പരിശീലനവും 14 ദിവസത്തെ ഫീല്‍ഡ് പരിശീലനവും നല്‍കുന്നു. വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി എന്ന സ്ഥാപനമാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലകളിലാ യി 44 വനിതാ ലേബര്‍ ബാങ്കുകള്‍ രൂപീകരിച്ചു കഴി ഞ്ഞു. മേഖലാ അടിസ്ഥാനത്തില്‍ ലേബര്‍ ബാങ്കുകളെ സംഘടിപ്പിച്ച് മേഖലാ ഫെഡറേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ മേഖലാ ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അതാത് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷനായ കണ്‍സോര്‍ഷ്യമാണ്.
അങ്കമാലി ബ്ലോക്കില്‍ നിന്നും 80 പേരെയാണ് പരിശീലനത്തിനയച്ചത്. ഇതില്‍ 65 പേര്‍ക്കു മാത്രമാണ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. വീടുകളില്‍ വാട്ടര്‍ റീ ചാര്‍ജ് ചെയ്യുന്നതിനുള്ള പ്ലംബിംഗ് ജോലികളുടെ പരിശീലനവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങളാണ് പലരും. ഉയര്‍ന്ന വിദ്യാഭാസമുള്ളവരും പരിശീലനം നേടിയവരിലുണ്ട്. ജീവാണു വളം നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും.
Share your comments