ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പയ്യന്നൂര്‍ കോറോത്ത് വനിതാ പോളിടെക്നിക് കോളേജ് അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി ആയിരം കോടി രൂപയിലധികം സര്‍ക്കാര്‍ ഈ മേഖലയില്‍ വകയിരുത്തി. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കുന്നത്.
പഠനത്തോടൊപ്പം സമ്പാദ്യമുണ്ടാക്കും വിധമുള്ള പ്രായോഗിക പരിശീലനങ്ങളാണ് നല്‍കുന്നത്. പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വനിതാ പോളിടെക്നിക് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി വേഗത്തില്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
ആറ് കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ലോക്കിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. 2.5 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കി. 3194 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. താഴത്തെ നിലയിലെ ലൈബ്രറി ബ്ലോക്കാണ് പൂര്‍ത്തിയായത് .1202 ചതുരശ്ര മീറ്ററിൽ ബുക്ക് ബൈന്റിംഗ് റൂം, റഫറന്‍സ് സെക്ഷന്‍ റൂം, സ്റ്റാഫ് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലേഡീസ് റൂം, ഡിജിറ്റല്‍ ലൈബ്രറി റൂം, കോമണ്‍ ഇന്റര്‍നെറ്റ് ഫെസിലിറ്റി റൂം, ലൈബ്രേറിയന്‍ റൂം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയാണ് ലൈബ്രറി ബ്ലോക്കിൽ ഒരുക്കിയത്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പയ്യന്നൂര്‍ ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ് 1991ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പയ്യന്നൂര്‍ ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സുകളിലായി കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് തുടങ്ങിയ നാല് ബ്രാഞ്ചുകളിലായി 750ലേറെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം കേരളത്തിനകത്തും പുറത്തും നിരവധി കമ്പനികളിലായി പ്ലേസ്മെന്റ് ഉറപ്പാക്കുവാനും സാധിക്കുന്നുണ്ട്.
ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി പി സമീറ, കൗണ്‍സിലര്‍മാരായ പി ലത, കെ എം സുലോചന, കെ എം ചന്തുക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ എം അബ്ദുള്‍ ഹമീദ്, കോളേജ് പ്രിന്‍സിപ്പല്‍ വി സ്മിത, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍ പേഴ്സണ്‍ ഇ കെ ആര്‍ഷ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: അതിദരിദ്രർ ഇല്ലാത്ത ജില്ലയായി കോട്ടയം
Share your comments