സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്ന് വെള്ളം കയറിയ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവ് നിശ്ചിത മാതൃകയില്‍ രേഖപ്പെടുത്താന്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, വൈദ്യുതി തൂണുകള്‍, ആശുപത്രികള്‍, പൊതു വായനശാലകള്‍, സ്‌കൂളുകള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടയുള്ളവയില്‍ എത്രത്തോളം വെള്ളം കയറി എന്നത് സംബന്ധിച്ച് രേഖപ്പെടുത്തണമെന്നാണ് ബന്ധപ്പെട്ട് സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കെട്ടിടത്തിന്റെ തറ നിരപ്പില്‍ നിന്നും വെള്ളം കയറിയ ഭാഗം വരെ മീറ്ററിലുള്ള അളവും ഏറ്റവും ജലനിരപ്പുയര്‍ന്ന തിയ്യതിയുമാണ് നിര്‍ദ്ദിഷ്ട മാതൃകയില്‍ ചുമരില്‍ രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനും രണ്ടാഴ്ചക്കകം പദ്ധതി പൂര്‍ത്തീകരിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിനാവശ്യമായ തുക പ്രളയവുമായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നും വിനിയോഗിക്കണം. എന്നാല്‍ കെ.എസ്.ഇ.ബി മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവ തനത് ഫണ്ടില്‍ നിന്നുമാണ് തുക വിനിയോഗിക്കേണ്ടത്.
Source: PRD
Share your comments