കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ കൃഷിവകുപ്പിന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 204 കോടി രൂപയുടെ നഷ്ടമാണ് എറണാകുളം ജില്ലയിലാകമാനം കണക്കാക്കുന്നത്.
വാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. കുലച്ച വാഴകൾ തന്നെ 75 ലക്ഷത്തോളം നശിച്ചു . റബ്ബർ കൃഷിയാണ് രണ്ടാം സ്ഥാനത്ത് .39 ,725 റബ്ബർമരങ്ങൾ പ്രളയത്തിൽ നശിച്ചു. ഇതുകൂടാതെ ജാതി, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ, മരച്ചീനി, കുരുമുളക്, എന്നിവയ്ക്കാണ് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. 6481 ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ കുതിർന്നത് . ഇതുകൂടാതെ 13500 ഹെക്ടർ നെൽകൃഷിയും നശിച്ചു. നെടുമ്പാശ്ശേരി, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, പറവൂർ ,പിറവം മേഖലകളിലാണ് കൃഷിനാശം കൂടുതലായി സംഭവിച്ചിരിക്കുന്നത്.
വൈറ്റിലയിലെ തെങ്ങ് നഴ്സറിയിൽ 1,94,900 രൂപയുടെ നടീൽവസ്തുക്കൾ നശിച്ചു. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ നടീൽവസ്തുക്കൾ, കുളം, ഇൻഫ്രാസ്ട്രക്ചർ, ജലസേചന പദ്ധതികൾ, പെരിയാറിന്റെ സംരക്ഷണ ഭിത്തി,കാർഷിക യന്ത്രോപകരണങ്ങൾ, എന്നിവ നശിച്ചത് മൂലം മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവയിലെ ഫാമിൽ കാർഷിക യന്ത്രോപകരണങ്ങൾ, ബോട്ട് എഞ്ചിൻ, വളർത്തുമൃഗങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു.
Share your comments