- ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിനിന്റെ ഭാഗമായി ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. എറണാകുളം ജില്ലയില്‍ 57 ഹോട്ടലുകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. മറ്റ് ഹോട്ടലുകളില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്റ്റാര്‍ റേറ്റിങ് പരിശോധന നടത്തിയത്. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണു നല്‍കുന്നത്. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണു വരിക. ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്നു പൊതുജനങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കും. രണ്ടു വര്‍ഷത്തേക്കുള്ള സ്റ്റാര്‍ റേറ്റിംഗാണു നല്‍കിവരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം മാനദണ്ഡങ്ങള്‍ പാലിച്ചു വീണ്ടും റേറ്റിംഗ് നിലനിര്‍ത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയര്‍ത്താം. ഇതുവഴി സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ സാധിക്കും.
- പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ജൂലൈ 14, 15 തിയതികളിൽ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
- മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി ടൂറിസം ഗ്രാമസഭ ചേര്‍ന്നു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ടൂറിസം ഗ്രാമസഭ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എം.പി.ശിവദത്തന്‍ വിഷയാവതരണം നടത്തി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശങ്ങളെയും കാര്‍ഷിക പ്രദേശങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. ക്രൂയിസ് ടൂറിസത്തിന് എറണാകുളത്തെത്തുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ടൂറിസം രംഗത്തെ ഉപയോഗപ്പെടുത്തുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ ഹോം സ്റ്റേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംരംഭകര്‍ക്കു പരിശീലനവും ലൈസന്‍സിനു വേണ്ട സഹായങ്ങളും പഞ്ചായത്തില്‍ നിന്നു നല്‍കും. പഞ്ചായത്തിലെ പ്രത്യേക ഭക്ഷണ വിഭവങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പുഞ്ചകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പാക്കേജുകള്‍ക്കു രൂപം നല്‍കി വിപണനം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
- സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയില്‍ ജില്ലയില്‍ 4,74,497 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. 1834 വാര്‍ഡുകളിലായി 5926 കുടുംബശ്രീ എന്യൂമരേറ്റര്‍മാര്‍ മുഖേന 7,98,006 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്. അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സര്‍വ്വേ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ അന്വേഷകരുടെ വിശദമായ പ്രൊഫൈല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അധിക യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. പ്രവര്‍ത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവ രേഖപ്പെടുത്തും. 21 മുതല്‍ 40 വയസിനിടയില്‍, ബിരുദം ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള തൊഴില്‍ അന്വേഷകരെയാണ് തുടക്കത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത്. രണ്ടാംഘട്ട വിവരശേഖരണം വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. ഒന്നാംഘട്ട സര്‍വേയില്‍ നിയോഗിച്ച എന്യൂമറേറ്റര്‍മാരില്‍ ബിരുദധാരികള്‍ ആയവരെയാകും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുക. പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ് തല പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏകോപിപ്പിക്കുന്നതിനും ബ്ലോക്ക്തല ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകരുടെയും വാര്‍ഡ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെയും ബ്ലോക്ക് കോഡിനേറ്റര്‍മാരുടെയും പരിശീലന പരിപാടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 16ന് നടക്കും.
- മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി നൊച്ചാട് പഞ്ചായത്തിൽ നീരുറവ് എന്ന പേരിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. വാല്യക്കോട് നീർത്തടത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. നീർത്തട നടത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ, വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബി.ഡി.ഒ പി. കാദർ ജോ. ബി.ഡി.ഒ കെ.പി. ഷൈലേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര സെന്ററിലെ വിദ്യാർഥികൾ, എം.ജി.എൻ.ആർ.ഇ.ജി ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നൊച്ചാട് കളോളി പൊയിലിൽ നിന്നാരംഭിച്ച നീർത്തട നടത്തം മുളിയങ്ങലിൽ സമാപിച്ചു.
- കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും 16.07.2022 ന് രാവിലെ 9 മണിക്ക് നന്മണ്ട എ.യു.പി. സ്‌കൂളില്‍ വച്ച് നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി .എ. കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നന്മണ്ട കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
- ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടീം ബേഡകം കുടുംബശ്രീ അഗ്രോ നഴ്‌സറിയുടെ തൈ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ കൃഷി ഓഫീസര്‍ പ്രവീണിന് നല്‍കി വിതരണോദ്ഘാടനം ചെയ്തു. കമ്പനി എം ഡി പ്രസന്ന അധ്യക്ഷയായി. എ ഡി എം സി സി എച്ച് ഇക്ബാല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗോപി, പഞ്ചായത്തംഗങ്ങളായ രഘുനാഥ്, ശ്രുതി, തമ്പാന്‍, ഗോപാലകൃഷ്ണന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി, ഡി പി സി അംഗം സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവന്‍ ചൂരിക്കോട് സ്വാഗതവും സുനിത നന്ദിയും പറഞ്ഞു. അത്യുല്പാദനശേഷിയുള്ള സിന്ദൂര്‍ ജാക് ഫ്രൂട്ട്, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി, ഗം ലെസ്സ് ജാക് ഫ്രൂട്ട്, കിലോ പേര, ഓള്‍ സീസണ്‍ മാംഗോ തുടങ്ങിയ ഫലവൃക്ഷത്തൈകളും ഇന്റര്‍ മംഗള, മോഹിത്ത് നഗര്‍ തുടങ്ങിയ കവുങ്ങിന്‍ തൈകളുടെയും വിതരണമാണ് നടന്നത്. ടീം ബേഡകം കുടുംബശ്രീ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്തിങ്കാലില്‍ ഈ മാസത്തോട് കൂടി നഴ്‌സറി പ്രവര്‍ത്തനമാരംഭിക്കും. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നഴ്‌സറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിപുലമായ രീതിയില്‍ എല്ലാത്തരം വിത്തുകളും തൈകളും വളങ്ങളുമൊക്കെ മിതമായ നിരക്കില്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സി ഡി എസ് ന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും സഹകരണത്തോടെ ആരംഭിച്ച ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്. 3200 സ്ത്രീകള്‍ ഓഹരി ഉടമകളായിട്ടുള്ള കമ്പനി ഇതിനകം തന്നെ വിവിധ സംരംഭങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു
- ഒരു ഗുണഭോക്താവിന് വളര്‍ച്ചയെത്തിയ 20 കോഴികളും അവയ്ക്കുള്ള കൂടും നിര്‍മിച്ചു നല്‍കുന്ന പദ്ധതി കൂടും കോഴിയും വിജയ ചുവടുകള്‍ കയറുന്നു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷനു കീഴിലുള്ള ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ഇതിന്റെ തേരാളികള്‍. ടീം ബേഡകം കമ്പനിയുടെ കാരക്കാട്ടെ ഫാമില്‍ വാക്സിനേഷന്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ച് വളര്‍തിയെടുത്ത ബി വി 380 കോഴികളെയാണ് ജില്ലയിലെങ്ങും വിതരണത്തിന് തയ്യാറായിട്ടുള്ളത്. കമ്പനി പ്രത്യേകം ഡിസൈന്‍ ചെയ്ത കൂട് പഞ്ചായത്തിന്റെ വ്യവസായ പാര്‍ക്കില്‍ ലഭ്യമാക്കിയ കെട്ടിടത്തില്‍ വിദഗ്ധ തൊഴിലാളികളെ വെച്ചാണ് തയ്യാറാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 42 സിഡിഎസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 30 ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ആദ്യ വിതരണം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ നടന്നു. തുടര്‍ന്ന് വൊര്‍ക്കാടി, മുളിയാര്‍ ഗ്രാമപഞ്ചായത്തിലും പദ്ധതി നടപ്പിലാക്കി. വരും ദിവസങ്ങളില്‍ പൈവളിഗെ, മീഞ്ച, എന്‍മകജെ തുടങ്ങിയ സിഡിഎസുകളില്‍ കൂടും കോഴിയും നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ രംഗത്ത് നിലനിന്നിരുന്ന സ്വകാര്യ കുത്തക അവസാനിപ്പിച്ച് സര്‍ക്കാര്‍ അംഗീകൃത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് മൃഗസംരക്ഷണ മേഖലയില്‍ ആട്, പശു, പോത്തിന്‍കുട്ടി മുയല്‍ എന്നിങ്ങനെ എല്ലാ രംഗത്തുമുള്ള പ്രവര്‍ത്തനം കമ്പനി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയിലൂടെ ഗുണനിലവാരമുള്ള മുട്ടക്കോഴികള്‍, നാടന്‍ കോഴികള്‍ എന്നിവ നല്‍കാനാണ് ഇതിനകം പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിനായി ഗ്രാമശ്രീ, കൈരളി, ഇന്‍ഡിബ്രോ ബ്രൗണ്‍, റെയിന്‍ബോ റൂസ്റ്റര്‍ തുടങ്ങി നാടന്‍ ഹൈബ്രിഡ് ഇനങ്ങള്‍ ടീം ബേഡകത്തിന്റെ ഫാമില്‍ വളര്‍ന്നു വരുന്നുണ്ട്. ഇത് കൂടാതെ കേരളാ ബാങ്ക് കുണ്ടംകുഴി ശാഖയുമായി സഹകരിച്ച് വായ്പാ ബന്ധിതമായ കൂടും കോഴീം പദ്ധതിയും നടപ്പിലാക്കുന്നതിന് സ്‌കീം തയ്യാറായിട്ടുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരായ ബേഡകത്തെ സ്ത്രീകള്‍ക്ക് ജെ എല്‍ ജി മുഖേന ചുരുങ്ങിയ പലിശയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍. ചെറിയ നിരക്കില്‍ തിരിച്ചടവു വരുന്ന ആകര്‍ഷകമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
- കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റില്‍ ഈ മാസം 20,21,22 (ജൂലൈ 20,21,22) തീയതികളില്‍ പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്തല്‍ കൂടി സാധിക്കുന്ന അക്വാപോണിക്‌സ് എന്ന കൃഷിരീതിയില്‍ മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നു. വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന ഉപയോഗ പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും നിയന്ത്രണ മാര്‍ഗങ്ങളും, വള പ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളളവര്‍ 0487 2960079, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പ്രയോജനം ചെയ്യുന്നതിനായി 'നല്ല കാർഷിക സമ്പ്രദായം' എന്ന നയത്തിൽ സർക്കാർ പ്രവർത്തിക്കുകയാണെന്ന് കൃഷി, കർഷക ക്ഷേമ മന്ത്രാലയം സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. സുസ്ഥിരമായ കൃഷി, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നല്ല കാർഷിക രീതികൾ എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫിക്കിയുടെ ''Scope of Public-Private Partnerships in Agriculture' എന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
- സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറിയിച്ചിരിക്കുന്നത്മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും പ്രദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ:കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
Share your comments