ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഭക്ഷ്യ സുരക്ഷയാണെന്ന് പി. വിജയന്‍ ഐ പി എസ് പറഞ്ഞു. പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂള്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ഭക്ഷണവും വെള്ളവും നമുക്ക് ലഭ്യമല്ല. രാസ വളത്തിലും കീടനാശിനിയിലും മുക്കിയെടുത്ത ഭക്ഷ്യ സംസ്കാരമാണ് ഇന്ന് നമുക്കുള്ളത്. ഈ ഭക്ഷണശീലം ക്യാൻസർ അടക്കമുള്ള രോഗത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. ആരോഗ്യമുള്ള ഭക്ഷണത്തിന് മാത്രമേ ആരോഗ്യമുള്ള ശരീരം സൃഷ്ടിക്കാന്‍ ആകൂ. അതിനായി കൃഷി സ്കൂൾ വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് കേരളത്തിലെ 44 നദികളില്‍ നിന്നും നേരിട്ട് വെള്ളം കോരി കുടിക്കാന്‍ പറ്റുന്നത്ര ശുദ്ധമായിരുന്നു നദികള്‍. നമ്മുടെ നദീതട സംസ്കാരങ്ങള്‍ വളര്‍ന്നതും വികസിച്ചതും കൃഷിയെയും വെള്ളത്തെയും അടിസ്ഥാനമാക്കിയാണ്. ഇന്നത് മാറി.
ഇന്ന് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി ജലം മാറി. ഇനിയൊരു മൂന്നാംലോക മഹായുദ്ധം ഉണ്ടാകുന്നെങ്കിൽ അത് വെള്ളത്തിന് വേണ്ടി ആകും. കാര്‍ഷിക സംസ്കാരത്തില്‍ നിന്നും മാറി അക്രമത്തിന്റെ സംസ്കാരത്തില്‍ മനുഷ്യന്‍ എത്തി നില്‍ക്കുന്നു. ഇതിന് മാറ്റം വരണം. കൃഷി ധനസമ്പാധനത്തിന് വേണ്ടി മാത്രം നടത്തുന്ന ഒന്നല്ല. കൃഷിയില്‍ സൃഷ്ടിയുണ്ട്, സന്തോഷമുണ്ട്. മനുഷ്യ സംസ്കാരത്തിന്റെ അടിത്തറയായ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ ഹാഫിസ് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കെ സാഫ് ചെയർമാൻ ഡോ. സി കെ. പീതാംബരന്‍, എം എം പി എസ് ചെയർമാൻ സിദ്ദിഖ് അഹമ്മദ് കെ സാഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോഹർ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷികോത്സവത്തിൻ്റെ ഭാഗമായി കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം, ക്വിസ്, എക്സിബിഷൻ, സെമിനാര്‍, പോസ്റ്റർ രചനാ മത്സരം പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments