നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കും
ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കും. മഴക്കാലം കൂടി മുന്നിൽ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടർ പരിഷ്‌ക്കരിക്കണം. പരാതികൾ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്ജ്.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് സുരക്ഷ - ജീവന്‍ സുരക്ഷയ്ക്ക് അനിവാര്യം
ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിർത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. തുടർച്ചയായി പരിശോധനകൾ നടത്തണം. കർശനമായ നടപടികൾ സ്വീകരിക്കണം. അടപ്പിച്ച കടകൾ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തിൽ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം.
എഫ്എസ്എസ്എഐ നിർദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവർ മറ്റുള്ളവർക്ക് പരിശീലനം നൽകണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പോലീസ് സുരക്ഷ തേടാം.
മായം കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യയും ഓപ്പറേഷൻ ജാഗറിയും
ഓപ്പറേഷൻ മത്സ്യ വഴി നല്ല രീതിയിൽ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകൾ വഴി മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു. ഓപ്പറേഷൻ ജാഗറിക്കും നല്ല പ്രതികരണമുണ്ടായി. കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 283 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1075 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ആകെ 674 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 96 കടകൾക്ക് നോട്ടീസ് നൽകി. 8 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങൾ പരിശോധിച്ചു. 151 സർവയലൻസ് സാമ്പിളുകൾ ശേഖരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വൈവിധ്യങ്ങളുമായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി.ആർ. വിനോദ്, അസി. ഭക്ഷ്യസുരക്ഷ കമ്മീഷണർമാർ, മറ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Share your comments