<
  1. News

മഴയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു; കൂടുതൽ കൃഷി വാർത്തകൾ

തിരൂരങ്ങാടി നഗരസഭയില്‍ കഴിഞ്ഞ ആഴ്ചകളിലുണ്ടായ മഴയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ പാടശേഖരങ്ങളിലായി 80 ഏക്കറില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

Saranya Sasidharan

1. പി എം കിസാൻ യോജനയുടെ 13-ാം ഗഡു 2023 ഫെബ്രുവരി-മാർച്ച് കാലയളവിൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല, എന്നിരുന്നാലും തുക ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ നിർബന്ധമായും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. കൂടാതെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളും അടിയന്തരമായി നൽകേണ്ടതാണ്. നിങ്ങളുടെ ബെനഫിഷറി സ്റ്റാറ്റസ് അറിയുന്നതിനും കൂടുതൽ വിവരങ്ങൾക്കും pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

2. കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതു കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ പുത്തൻപള്ളി വലിയ കുളത്തിൽ വൈസ് പ്രസിഡന്റ് ടി. പി പോളി നിർവഹിച്ചു. കാർപ്പ് ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.

3. KKMGVHSS ഇലിപ്പക്കുളം സ്കൂളിലെ VHSC വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് നടത്തുന്ന സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനം അരീക്കര എൽ പി എസ് സ്കൂളിൽ വെച്ച് വള്ളികുന്നം കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു.

4. വരും വർഷങ്ങളിൽ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് . കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ആദ്യ ഘട്ടമായി കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

5. തിരൂരങ്ങാടി നഗരസഭയില്‍ കഴിഞ്ഞ ആഴ്ചകളിലുണ്ടായ മഴയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ പാടശേഖരങ്ങളിലായി 80 ഏക്കറില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

6. കൊല്ലം ജില്ലാ പഞ്ചായതിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ജീവനം ഫാർമസിയുടെ ഉദ്ഘാടനവും വൃക്ക മാറ്റിവെച്ചവർക്കുള്ള രണ്ടാംഘട്ട സാമ്പത്തിക സഹായ വിതരണവും റെവന്യൂ മിനിസ്റ്റർ കെ രാജൻ നിർവഹിച്ചു. വൃക്ക മാറ്റിവെച്ചവർക്കും വൃക്കരോഗ ബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും സൗജന്യ മരുന്ന് വിതരണം ചെയ്യുന്നതാണ് ജീവനം ഫാർമസി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം. കെ ഡാനിയേൽ അധ്യക്ഷനായി.

7. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട്- കാർത്തികപറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പ്രാദേശിക കാർഷിക വിളകളുടെയും അവയുടെ മൂല്യവർധിത ഉൽപ്പനങ്ങളുടെയും നിർമ്മാണം പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും, ജനങ്ങൾ പ്രാദേശിക ഉൽപ്പങ്ങളുടെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജി സ്റ്റീഫൻ എം. എൽ. എ. പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

8. മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പന്നിമാംസ വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാമ്പാക്കുടയിലെ ഫാമില്‍ രോഗം ബാധിച്ച് എട്ട് പന്നികള്‍ ചത്ത സാഹചര്യത്തിലാണ് നടപടി.ഉത്തരവില്‍ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. വില്‍പ്പന നടത്തുന്ന കടകളുടെ പ്രവര്‍ത്തനവും പന്നി, മാംസം, തീറ്റ തുടങ്ങിയവ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.

9. മീറ്റ് ദ ഇൻവെസ്റ്റർ' പരിപാടിയുടെ ഭാഗമായി ഡയപ്പറുകൾ ഉൾപ്പെടെയുള്ള ശുചിത്വ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളിലൊന്നായ സ്വര ബേബി പ്രോഡക്‌റ്റ്‌സ്‌ സി.ഇ.ഒ അലോക് ബിർളയുടെ നേതൃത്വത്തിലുള്ള ടീമുമായി കൂടിക്കാഴ്ച നടത്തി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പുതിയൊരു SAP മാനുഫാക്ചറിംഗ് യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സ്വര ബേബി അവതരിപ്പിച്ചുവെന്നും വ്യവസായ വകുപ്പ്, ഉന്നത ഉദ്യോഗസ്ഥ തലത്തിൽ തന്നെ തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. -

10. പരമ്പരാഗത കൈത്തറി ഉത്പന്നങ്ങളുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടി ഫാഷൻ ഷോ സംഘടിപ്പിച്ച് തളിപ്പറമ്പിലെ ഹാപ്പിനസ് ഫെസ്റ്റിവെൽ. കിൻഫ്രയിലെ അപ്പാരൽ ട്രെയിനിങ് ഡിസൈൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ ഷോയിൽ 18 മോഡലുകൾ പങ്കെടുത്തു. കൈത്തറി മേഖലയുടെ ഉന്നമനം, പോളിസ്റ്റർ പോലുള്ള തുണിത്തരങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ബോധത്കരണം എന്നിവ പ്രമേയമാക്കിയാണ് ഫാഷൻ ഷോ നടത്തിയത്.

11. എല്ലാ പ്രവർത്തനങ്ങൾക്കും ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പാക്കി ഏലൂർ നഗരസഭ.നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ശേഖരണം ഉറപ്പ് വരുത്തുന്നതിന് നഗരസഭയുടെ എല്ലാ സേവനങ്ങൾക്കും ഹരിത കർമ്മസേനയുടെ സേവനം നിർബന്ധമാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സേവനം ഉറപ്പാകുന്ന വാർഡിന് ഒരു ലക്ഷം രൂപയും, ഒരു വർഷം നൂറ് ശതമാനം ഹരിത കർമ്മസേനയുടെ സേവനം ഉറപ്പാക്കുന്ന വാർഡിന് അഞ്ച് ലക്ഷം രൂപയും വികസന ഫണ്ടിൽ നിന്നും സമ്മാനമായി നൽകുമെന്നും ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.

12. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ 'ഇറച്ചിക്കോഴി വളർത്തൽ' വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്ക് 0 4 9 7 2 7 6 3 4 7 3 എന്ന നമ്പറിൽ ബന്ധപ്പെടുക.

13. അടുത്ത വർഷം രാജ്യത്ത് നടക്കുന്ന G20 യോഗങ്ങളിൽ മില്ലറ്റ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. 'കേന്ദ്ര സർക്കാർ അന്താരാഷ്ട്ര മില്ലറ്റ് വർഷം ആഘോഷിക്കുന്ന സാഹചര്യത്തിൽ, എല്ലാവരും അവരുടെ ഭക്ഷണത്തിൽ മില്ലറ്റ് കൊണ്ടുവരികയും ആസ്വദിക്കുകയും ചെയ്യണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

14. Stewardship day ആഘോഷിച്ച് കൊറൊമാണ്ടൽ, ഡിസംബർ 23-ന് കൊറൊമാണ്ടലിൻ്റെ 10 ഡിവിഷനുകൾ ഇന്ത്യയിലുടനീളം 150 മീറ്റിംഗുകൾ നടത്തിയാണ് ആഘോഷിച്ചത്. കർഷക പങ്കാളിത്തത്തോടെ റീജിയണൽ ടീമുകളും ഹെഡ് ഓഫീസ് ടീമുകളും ചേർന്ന് നടത്തിയ പരിപാടിയിൽ കാർഷിക രാസവസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗത്തിനുള്ള കാമ്പെയ്‌ന് നേതൃത്വം നൽകി.

15. ഇന്ന് കേരളത്തിൽ പൊതുവെ മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യവസായ മേഖലയുടെ നട്ടെല്ല്: മന്ത്രി പി.രാജീവ്

English Summary: Free seeds were distributed to farmers whose crops were damaged by rains

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds