1. ആലപ്പുഴയിലെ പാടശേഖരങ്ങൾക്കുള്ള പമ്പിംഗ് സബ്സിഡി വിതരണത്തിനായി 16 കോടി 24 ലക്ഷം രൂപ അനുവദിച്ചതായി കൃഷിമന്ത്രി ശ്രീ. പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി അനുവദിച്ച 28 കോടി രൂപയിൽ ആലപ്പുഴയുടെ മാത്രം വിഹിതമാണ് 16.24 കോടി രൂപ. 2023 വർഷം പകുതിമുതലുള്ള ക്ലെയിമുകൾ വിതരണം ചെയ്യാനുണ്ട്. ബി ഫോം സീനിയോറിറ്റി അനുസരിച്ച് 2023 വർഷത്തിൽ വിതരണം ചെയ്യുന്നതിന് ബാക്കിയുള്ളവയ്ക്കും 2024 ലെ 400 ഓളം ക്ലെയിമുകൾക്കും പണം വിതരണം ചെയ്യാൻ ഇതിലൂടെ സാധിക്കും. ശേഷിക്കുന്ന പമ്പിംഗ് സബ്സിഡി വിതരണത്തിനാവശ്യമായ 11 കോടി രൂപ എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. തവനൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ പട്ടികജാതി ഉപ പദ്ധതി (SCSP) യുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് "സംയോജിത കീട-രോഗ നിയന്ത്രണം - നെല്ല്, തെങ്ങ്, വാഴ" എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 30-ാം തീയതി മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം തവനൂർ, വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കർഷകർക്ക് ട്രെയിനിങ് കിറ്റ് ലഭിക്കുന്നതാണ്. താല്പര്യമുള്ള കർഷകർ 28-ാം തീയതിക്കുള്ളിൽ 8547193685 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന സമയത്ത് ജാതി (SC) തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർൻ്റെ പകർപ്പ് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
3. സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തിൽ ആശ്വാസമായി വീണ്ടും മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട്. വ്യാഴാഴ്ചയോടെ മഴ സജീവമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments