അബ്ദുല്‍ മജീദിനെ ഞാന്‍ പരിചയപ്പെടുന്നത് വൈഗ 2020 എക്‌സിബിഷന്‍ സ്റ്റാളിലാണ്. നല്ല ഉയരമുള്ള ,സുമുഖനായ കാഷ്മീരി. എഴുപതിനടുത്ത് പ്രായം. പ്രസന്നവദനനായ മജീദിന് കൃഷി ജാഗരണ്‍ പരിചയപ്പെടുത്തി. കാഷ്മീരി ഭാഷയിലും മാസിക പ്രസിദ്ധീകരിക്കുന്നു എന്നു കേട്ടപ്പോള്‍ ഏറെ സന്തോഷം. പിന്നെ മേശത്തട്ടിലിരിക്കുന്ന ചെറിയ ഡബ്ബകളിലെ കുങ്കുമപ്പൂക്കളെ മറന്ന് സംസാരം തുടങ്ങി. നല്ല ആള്‍ക്കൂട്ടമുണ്ട്. ഒരു ഗ്രാം ഡബ്ബയ്ക്ക് 150 രൂപയും അഞ്ച് ഗ്രാമിന് 550 രൂപയുമാണ് വില. ഒരെണ്ണം കൗതുകത്തിനെങ്കിലും ഒരാള്‍ എടുത്തുപോയാല്‍ ഉണ്ടാകാവുന്ന നഷ്ടം ഓര്‍ത്ത് എന്റെ കണ്ണ് ഇടയ്ക്കിടെ മേശത്തട്ടിലേക്ക് പോയി. എന്നാല്‍ മജീദിന് അത്തരമൊരു ഭാവമേയില്ല.
എന്തെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവാം ഇതുവരെ ആ ജീവിതത്തില്‍. അതൊന്നും ചോദിക്കാന്‍ നിന്നില്ല. കുങ്കുമപ്പൂവും ആപ്പിളും പ്രധാനമായി കൃഷി ചെയ്യുന്ന ശ്രീനഗര്‍കാരനാണ് മജീദ്. കാഷ്മീര്‍ മുളകും കോളി ഫ്‌ളവറും ഉള്‍പ്പെടെയുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പതിനൊന്നേക്കറിലാണ് കൃഷി. പൂര്‍ണ്ണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. കുങ്കുമം കൃഷി ചെയ്യുന്ന 2500 കൃഷിക്കാരുണ്ട് കാഷ്മീരില്‍. പക്ഷെ ന്യായവില കിട്ടുന്നില്ല, കൂടുതലും ഇടനിലക്കാര്‍ കൊണ്ടുപോകുന്നു. സര്‍ക്കാരില്‍ നിന്നും നല്ല സഹായമാണ് കിട്ടുന്നതെന്നും മജീദ് പറഞ്ഞു. കൃഷി ഡയറക്ടര്‍ ആസാദ് അല്‍ താഫ് ഇന്ദ്രാണി കൃഷിക്കാരോട് വലിയ കാരുണ്യമുളള വ്യക്തിയാണ് എന്നദ്ദേഹം പറഞ്ഞു. വര്‍ത്തമാനം കഴിഞ്ഞ് പോരാന്‍ നേരം ചോദിച്ചു, കാഷ്മീര്‍ ഇപ്പോല്‍ എങിനെ ? പ്രശ്‌നങ്ങളൊന്നുമില്ല, ശാന്തമാണ്, പക്ഷെ, പുറംലോകവുമായി ബന്ധപ്പെടാന്‍ നെറ്റ് വര്‍ക്ക് ശരിയായിട്ടില്ല. അത് ബിസിനസിനെ ബാധിക്കുന്നുണ്ട്.
ഇടയ്ക്ക പലരും കുങ്കുമത്തിന്റെ വില ചോദിക്കുന്നുണ്ടായിരുന്നു. ആരും മേടിക്കുന്നത് കണ്ടില്ല. അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലുള്ള ചിരിയും സ്‌നേഹവും പകര്‍ന്ന് എന്നെ യാത്രയാക്കി. അപ്പോള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്ഘാടന ദിവസം പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു, നിങ്ങളെല്ലാം കാഷ്മീര്‍ സ്റ്റാള്‍ സന്ദര്‍ശിക്കണം, അവരുമായി സംസാരിക്കണം. പാവങ്ങളാണവര്‍, നല്ല മനസുള്ളവര്‍. എത്രയോ ശരിയായ വിലയിരുത്തല്‍.