മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്.
താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ മെഡിക്കൽ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ ആ ആശുപത്രികൾക്ക് സഹായകരമാകും. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറൽ, ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലാ റെസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് അന്തിമ തീരുമാനമെടുത്തത്.
സംസ്ഥാനതല നോഡൽ ഓഫീസറായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും പ്രോഗ്രാം കോ-ഓർഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി.എം.ഇ. കോ-ഓർഡിനേററ്ററായി ഡോ. സി. രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാം നടപ്പിലാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.
സർക്കാർ മെഡിക്കൽ കോളേജുകളിലെ 854, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 430, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടർമാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സർക്കാർ മെഡിക്കൽ കോളേജുകളിലേയും ആർസിസിയിലേയും 19 സ്വകാര്യ മെഡിക്കൽ കോളേജുകളിലേയും പിജി ഡോക്ടർമാർ ഇതിലുൾപ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പിജി ഡോക്ടർമാരെയാണ് നിയമിക്കുന്നത്. മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ മറ്റ് ജില്ലകളിൽ നിന്നും വിന്യസിക്കും.
100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്കുതല ആശുപത്രികൾ മുതലുള്ള78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ജില്ലാ, ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ടി.ബി. സെന്റർ, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. പിജി വിദ്യാർത്ഥികൾക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹികമായി ഇടപെടാനുമുള്ള അവസരം ഇതിലൂടെ സാധ്യമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഊണിന് 95 രൂപ, പഴംപൊരിക്ക് 13 രൂപ; റെയിൽവെ സ്റ്റേഷനുകളിൽ ഭക്ഷണവില കൂട്ടി
Share your comments