<
  1. News

Fruit Alcohol: പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ അനുമതി..കൃഷിവാർത്തകൾ

കേരളത്തിൽ പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോൽപന്നങ്ങളിൽ നിന്നും mild alcohol ഉൽപാദിപ്പിക്കാൻ അനുമതി

Darsana J

1. കേരളത്തിൽ പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ അനുമതി. മദ്യം ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കേരളാ സ്‌മോൾ സ്‌കേൽ വൈനറി റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകാരം നൽകിയത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം കേരളത്തിന് ഉൽപാദിപ്പിക്കാം. പ്രാദേശികമായി ലഭിക്കുന്ന കാർഷികോൽപന്നങ്ങളിൽ നിന്ന് മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്നും നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: LPG Gas Price: ബുക്ക് ചെയ്ത ഗ്യാസിന് കൂടിയ വില ഈടാക്കരുതെന്ന് നിർദേശം..കൃഷിവാർത്തകൾ

2. ഗുണമേന്മ കൂടിയതും കീടനാശിനി പ്രയോഗിക്കാത്തതുമായ ഏലത്തിന്റെ പ്രത്യേക ലേലം നടന്നു. 64 ലോട്ടുകളായി 18 ടൺ ഏലമാണ് വിൽപന നടത്തുന്നത്. മാസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം എന്നീ കമ്പനികളുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിലാണ് വിൽപന നടന്നത്. മായമില്ലാത്ത ഏലത്തിന്റെ കയറ്റുമതി സാധ്യത മുന്നിൽ കണ്ടാണ് സ്പൈസസ് ബോർഡ് പ്രത്യേക ലേലത്തിന് തുടക്കം കുറിച്ചത്. ഏലയ്ക്കയുടെ നിറവും വലിപ്പവും ഗുണനിലവാര മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വാഭാവികമായി ഉൽപാദിപ്പിച്ച് സംസ്കരിച്ചെടുക്കുന്ന ഏലത്തിന് വിപണിയിൽ സാധ്യത കൂടുമെന്ന് വിദഗ്ധർ പറയുന്നു.

3. കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങിയതായി വ്യവസായ മന്ത്രി പി. രാജീവ്. സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനായി സ്വതന്ത്ര സ്വഭാവത്തോടെ കമ്മിറ്റി പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കയർ മേഖലയിലെ പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളുടെ പുന:സംഘടന, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം, തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കയർ ഉൽപാദനത്തിലെ യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട സാധ്യതകൾ എന്നിവയുൾപ്പെടെ 11 പരിഗണനാ വിഷയങ്ങളാണ് സമിതി വിലയിരുത്തുക.

4. വയനാട്ടിൽ ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, ക്ഷീര വികസന വകുപ്പ്, മാനന്തവാടി ബ്ലോക്കിലെ ക്ഷീര സംഘങ്ങള്‍, മില്‍മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ അപ്പപ്പാറ ക്ഷീര സംഘത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒ.ആര്‍ കേളു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, ക്ഷീര കര്‍ഷക സെമിനാര്‍ എന്നിവ നടന്നു. കൂടാതെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെയും, ക്ഷീരകര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെയും, തിരുനെല്ലി ഗ്രാമപഞ്ചായത്തിനെയും ചടങ്ങിൽ ആദരിച്ചു.

5. തൃശൂർ ജില്ലയില്‍ വന്യമിത്ര സംയോജിത പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കാന്‍ തീരുമാനം. വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ-വന്യജീവി സംഘര്‍ഷം എന്നിവ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വന്യമിത്ര സംയോജിത പദ്ധതി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുന്‍ഗണന പ്രദേശങ്ങള്‍ തീരുമാനിക്കാന്‍ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേരുമെന്നും പദ്ധതിയ്ക്കായി പഞ്ചായത്തുകള്‍ മാറ്റിവെക്കേണ്ട വിഹിതത്തെ കുറിച്ച് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.

6. 'കാർഷിക ഡ്രോണുകള്‍ വഴി വളപ്രയോഗം' എന്ന പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം. മാവൂര്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഡ്രോണുകള്‍ വഴി വളപ്രയോഗം നടത്താനുള്ള രീതികളെക്കുറിച്ച് ബോധവൽകരണം നടത്തുന്നിതിനാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിവകുപ്പ് നടപ്പിലാക്കുന്ന സ്മാം പദ്ധതി പ്രകാരമാണ് പാടശേഖരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയും പാടശേഖരങ്ങള്‍, എഫ്.പി.ഒ കള്‍ തുടങ്ങിയ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

7. കൊല്ലം ജില്ലയിൽ 'പഴവർഗങ്ങളിൽ നിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങൾ' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ചവറ തേവലക്കര കൃഷിഭവനിലാണ് പരിശീലനം നടന്നത്. അഗ്രികൾച്ചർ സ്കിൽഡ് ട്രെയിനർ ആഷിക് ദത്ത് സി.എസ് ക്ലാസുകൾ നയിച്ചു. പത്തോളം കർഷകരും ആത്മയുടെ ചവറ ബ്ലോക്ക് ടെക്നോളജി മാനേജർ കരിഷ്മ, മറ്റ് കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

8. വയനാട് ജില്ലയില്‍ 803 പേര്‍ക്ക് കര്‍ഷക കടാശ്വാസത്തിന് ശുപാര്‍ശ. സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മൂന്ന് ദിവസങ്ങളിലായി കല്‍പ്പറ്റ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സിറ്റിങില്‍ 1617 അപേക്ഷകള്‍ പരിഗണിച്ചു. നിയമപ്രകാരം അര്‍ഹരായവര്‍ക്ക് 6 കോടിയോളം രൂപ കടാശ്വാസം അനുവദിക്കുന്നതിനായി ശുപാര്‍ശ ചെയ്തു. മൂന്ന് ബെഞ്ചുകളിലായാണ് സിറ്റിങ് പൂര്‍ത്തിയായത്.

9. ഒന്നര പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചതിൽ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അഭിനന്ദനം. 2005-2006നും 2019-2021നും ഇടയിൽ രാജ്യത്ത് 41.5 കോടി ജനങ്ങൾ ദാരിദ്രരേഖ മറികടന്നതായി ഐക്യരാഷ്ട്ര വികസന പദ്ധതി, ഓക്സ്ഫഡ് poverty and human development initiative എന്നിവ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്ക് ഇത് ചരിത്ര നേട്ടമെന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. 2020ലെ ജനസംഖ്യാ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ ദരിദ്ര കുട്ടികളുടെ മാത്രം എണ്ണം 9.7 കോടിയാണ്.

10. 22.9 കോടി ചെലവിൽ ജിദ്ദ അബ്ഹൂർ വാട്ടർഫ്രണ്ട് വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. 1,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.5 കിലോമീറ്റർ കടൽത്തീരത്തിന്റെ വിപുലീകരണമാണ് വികസന പദ്ധതിയിലൂടെ നടപ്പാക്കുക. മുൻസിപ്പൽ സേവനങ്ങൾക്കായുള്ള വികസന സംരംഭങ്ങൾ, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, ഹരിത ഇടങ്ങളുടെയും വിനോദ മേഖലകളുടെയും പ്രതിശീർഷ വിഹിതം വർധിപ്പിക്കൽ എന്നിവ ഉൾക്കൊള്ളുന്ന അഞ്ച് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

11. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദമാണ് മഴ തുടരാൻ കാരണം. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്ന് നിർദേശമുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.

English Summary: Fruit Alcohol Permission to make mild alcohol from fruits malayalam Agricultural News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds