ഉപയോഗിച്ച മെറ്റീരിയലുകൾ വീണ്ടും ഉപയോഗിക്കുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ ചെലവിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. കിഫ്ബി സഹകരണത്തോടെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെൻ്റ് (കെ.എസ്.സി.എസ്.ടി.ഇ) - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക് ) ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്.ഡി.ആർ) ടെക്നോളജിയിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
തകരാറിലാകുന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനുള്ള പ്രധാന പ്രശ്നം ഫണ്ടിന്റെ പോരായ്മയാണ്. എഫ്.ഡി.ആർ പോലുള്ള സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ ചെലവിൽ റോഡ് നിർമ്മാണം സാധ്യമാകും. അങ്ങനെ ഫണ്ടിന്റെ പ്രശ്നങ്ങൾ കുറെ പരിഹരിക്കാനാകും. പരിസ്ഥിതിയെ തകർക്കാതെ പരിസ്ഥിതിക്ക് അനുകൂലമായ രീതിയിലുള്ള നൂതന സാങ്കേതികവിദ്യകൾ കൂടുതൽ വികസനത്തിന് വഴി തെളിയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
റോഡിൻ്റെ നിലവിലെ തകരാറിലായ ഭാഗങ്ങൾ ഉൾപ്പെടെ പുനരുപയോഗിച്ചാണ് എഫ് ഡി ആർ സാങ്കേതികവിദ്യയിൽ പുതിയ റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ബിറ്റുമിൻ കോൺക്രീറ്റ് നിരയേക്കാൾ ഗുണകരമായ രീതിയിൽ നിർമ്മാണം പൂർത്തീകരിക്കാൻ എഫ്.ഡി.ആർ വഴി സാധിക്കും.
രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എഫ് ഡി ആർ സാങ്കേതികവിദ്യ എത്രമാത്രം ഗുണപ്രദമാണെന്ന് ഈ മേഖലയിൽ മികവ് തെളിയിച്ചവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയ്ക്ക് തുടക്കം
രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ആദ്യദിനത്തിൽ എഫ് ഡി ആർ സാങ്കേതികവിദ്യയുടെ പ്രാധാന്യം, കൺസ്ട്രക്ഷൻ, ക്വാളിറ്റി കൺട്രോൾ, കേരളത്തിലെ നാഷണൽ ഹൈവേകളിൽ എഫ് ഡി ആർ സാങ്കേതികവിദ്യ നടപ്പിലാക്കൽ, എഫ് ഡി ആർ സാങ്കേതികവിദ്യയിൽ കേരള റോഡ് ഫണ്ട് ബോർഡ് ( കെ ആർ എഫ് ബി ) അനുഭവങ്ങൾ, ഉത്തർപ്രദേശിൽ അവതരിപ്പിച്ച എഫ് ഡി ആർ സാങ്കേതികവിദ്യയുടെ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.
രണ്ടാം ദിനം ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നടപ്പിലാക്കിയ എഫ് ഡി ആർ സാങ്കേതികവിദ്യയുടെ പാഠങ്ങൾ, ഇന്ത്യയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും, കേരളത്തിൽ പദ്ധതി നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പത്തനംതിട്ട ജില്ലയിലെ ആദ്യ കൃഷിശ്രീ സെന്റർ കൃഷിമന്ത്രി നാടിന് സമർപ്പിച്ചു
കാക്കനാട് രേക്ക ക്ലബിൽ നടന്ന പരിപാടിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എസ്.ടി.ഇ -ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടർ പ്രൊഫ. സാംസൺ മാത്യു, കിഫ്ബി പ്രിൻസിപ്പൽ കൺസൾട്ടൻ്റ് എൽ എസ് മുരളി, ഐഐടി മദ്രാസ് സിവിൽ എഞ്ചിനീയറിംങ് വിഭാഗം റിട്ട. പ്രൊഫ എ. വീരരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
Share your comments