<
  1. News

തിരൂര്‍ വെറ്റിലക്കും,എടയൂര്‍ മുളകിനും ഭൗമസൂചിക പദവി

ഭൗമ സൂചികാപദവിയില്‍ തിരൂര്‍ വെറ്റിലയും എടയൂര്‍ മുളകും.ഉത്പന്നങ്ങള്‍ക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകള്‍ അംഗീകരിച്ചു നല്‍കുന്നതാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിൻ്റെ ഭൗമ സൂചികാപദവി.കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധികസ്വത്തവകാശസെല്ലാണ് ഈ പദവി തിരൂര്‍ വെറ്റിലയ്ക്ക് ലഭിക്കാന്‍ മുന്‍കൈയെടുത്തത്.

Asha Sadasiv
Tirur betel leaf

ഭൗമ സൂചികാപദവിയില്‍ തിരൂര്‍ വെറ്റിലയും എടയൂര്‍ മുളകും..ഉത്പന്നങ്ങള്‍ക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകള്‍ അംഗീകരിച്ചുനല്‍കുന്നതാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിൻ്റെ ഭൗമ സൂചികാപദവി.കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധികസ്വത്തവകാശസെല്ലാണ് ഈ പദവി തിരൂര്‍ വെറ്റിലയ്ക്ക് ലഭിക്കാന്‍ മുന്‍കൈയെടുത്തത്. ഇലയുടെ വലിപ്പവും സ്വാദുമാണ് തിരൂര്‍ വെറ്റിലയെ ലോകപ്രശസ്തമാക്കിയത്. ഭൗമസൂചികാപദവി തിരൂര്‍ വെറ്റിലയ്ക്ക് ലഭിച്ചതോടെ ഈ വെറ്റില പ്രത്യേക ബ്രാന്‍ഡായിട്ടാണ് അറിയപ്പെടുക. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഈ വെറ്റിലയ്ക്ക് വിലയുയരും.

ഒരു കാലത്ത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും വരെ തിരൂര്‍ വെറ്റില താരമായിരുന്നു. പ്രതിദിനം 20 കിന്റലിലേറെ വെറ്റില വരെ വിദേശത്തേക്കും ഇതര സംസ്ഥാനത്തേക്കും തിരൂരിൽ നിന്നും കയറ്റി അയച്ചിരുന്നു.എന്നാൽ വെറ്റില കയറ്റുമതി കഴിഞ്ഞ മൂന്നുവര്‍ഷമായി നിലച്ചിരിക്കുകയാണ്.വിവിധ കാരണങ്ങള്‍ കൊണ്ടിപ്പോള്‍ തിരൂരിന്റെ വെറ്റിലപ്പെരുമയ്ക്ക് പഴയ തിളക്കമില്ല. നഷ്ടം മൂലം കര്‍ഷകരുടെ എണ്ണവും നന്നേ ചുരുങ്ങി. തിരൂര്‍ വെറ്റില കൃഷി ചെയ്യുന്ന തിരൂര്‍ ചെമ്പ്ര, മീനടത്തൂര്‍, വൈലത്തൂര്‍, ഒഴൂര്‍, താനൂര്‍ മോര്യ, എടരിക്കോട്, കുറുക, കല്‍പ്പകഞ്ചേരി, ആതവനാട് , കിഴക്കേ മുക്കോല, വെള്ളിയാമ്പുറം, പുല്‍പ്പറമ്പ് എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും വെറ്റില ക്കൃഷി യുണ്ടായിരുന്നത്. പാരമ്പര്യമായി വെറ്റിലക്കൃഷി ചെയ്യുന്നവര്‍ മാത്രമാണ് നഷ്ടം സഹിച്ചും കൃഷിയില്‍ തുടരുന്നത്. ഭൗമസൂചിക പദവി ലഭിച്ചതോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാമെന്നാണ് കര്‍ഷകരുടെ കണക്കുക്കൂട്ടല്‍.

എടയൂര്‍ എന്ന ഗ്രാമത്തിന്റെ പേര് ലോകഭൂപടത്തില്‍ എത്തിക്കാന്‍ തങ്ങളുടെ സ്വന്തം പച്ചമുളകിനെക്കൊണ്ട് സാധിച്ച ആഹ്ലാദത്തിലാണ് എടയൂരിലെ കര്‍ഷകരും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും കൃഷിഭവന്‍ ഉദ്യോഗസ്ഥരും.ഭൗമസൂചികയില്‍ ഇടംകിട്ടിയതോടെ എടയൂര്‍ മുളകിന്റെ മാർക്കറ്റ് വില ഇനി പഞ്ചായത്തിന് സ്വന്തമായി നിശ്ചയിക്കാം.കൂടാതെ മുളകിന്റെ വിത്ത് നല്‍കുന്നതും പഞ്ചായത്തിന്റെ അധികാരപരിധിയിലാകും.എടയൂർ മുളക്. സാധാരണ മുളകിനേക്കാൾ കൂടുതൽ വലുപ്പവും വണ്ണവും ഉള്ള ഈ മുളക് വിപണിയിലും നല്ലൊരു സ്ഥാനം വഹിക്കുന്നു.വടക്കുംപുറം, എടയൂര്‍, പൂക്കാട്ടിരി, അത്തിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളാണ് എടയൂര്‍ മുളകിന്റെ പ്രധാന കൃഷിയിടങ്ങള്‍. കൊണ്ടാട്ടം മുളകു'ണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് തുടങ്ങുന്ന എടയൂര്‍ മുളകിന്റെ പ്രധാന വിപണനകേന്ദ്രങ്ങള്‍ എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളാണ്.

പത്ത് വര്‍ഷത്തേക്കാണ് ഭൗമസൂചിക പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും. സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. കേരളത്തില്‍ നിന്ന് 28 ഉത്പന്നങ്ങള്‍ ഈ ലിസ്റ്റിലുണ്ട്. മറയൂര്‍ ശര്‍ക്കരയാണ് ഒടുവില്‍ ഇടംപിടിച്ചത്.

English Summary: GI Tag for Tirur betel leaf and Edayur chilli

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds