കാര്‍ഷികമേഖലയില്‍ അന്താരാഷ്ട്ര വ്യാപാര ഉടമ്പടിയുടെ ആഘാതം കുറയ്ക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡും, ഡബ്ല്യുടിഒയും സംഘടിപ്പിച്ച ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രേഡ് കരാറുകളുമായി ബന്ധപ്പെടുത്തി സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യ ട്രേഡ് കരാറുകള്‍ ഒപ്പിടുന്നതിനു മുന്‍പായി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണം. ആസിയാന്‍ രാജ്യങ്ങളും ശ്രീലങ്കയും ഉള്‍പ്പെടുന്ന സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ക്ക് കീഴില്‍വരുന്ന വ്യാപാര അതിരുകള്‍ കുറയ്ക്കുന്നതുകാരണം ഇറക്കുമതിയില്‍ വര്‍ദ്ധനവുണ്ടാകുകയും അത് ആഭ്യന്തര കൃഷിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ട പോലും നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം തേടണമെന്ന് വ്യവസ്ഥയും വേണം അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കരാറായ റീജ്യണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുകയാണ്. അതിനേക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം ഇതേവരെ ആരാഞ്ഞിട്ടില്ല. ഈ കരാര്‍ മത്സ്യ, ക്ഷീര, കാര്‍ഷിക- മേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര ക്ലസ്റ്ററില്‍ സംസ്ഥാനത്തെ ഒരു ജില്ലയെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാണ്യവിളകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നും വ്യാപാര കരാറുകളില്‍ സംരക്ഷണ പരിരക്ഷ ഏര്‍പ്പെടുത്തണമെന്നുമുള്ള സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യത്തിന്മേല്‍ നടപടികളുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥിതിഗതികളെ അതിജീവിച്ച് സംസ്ഥാനം 2016-17 കാലഘട്ടത്തില്‍ കാര്‍ഷികമേഖലയില്‍ 2.9 ശതമാനം വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. നെല്‍ക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയുടെ വിസ്തൃതി ഉയര്‍ന്നു,കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാന്‍ സാധിച്ചു, സമഗ്ര വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കി, വിളകളുടെ മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നു. റബര്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി 962 കോടി രൂപയും നല്‍കിയിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നയങ്ങള്‍ കോര്‍പ്പറേറ്റ് ശക്തികളെയും വ്യവസായത്തെയും ആധാരമാക്കിയാണെന്ന് കൃഷി മന്ത്രി വി.എസ സുനില്‍ കുമാര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടികളില്‍ പ്രവേശിക്കുമ്പോള്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു സമവായം ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share your comments