1. രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചതിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഗോവ സർക്കാർ. ഗ്യാസ് സിലിണ്ടറിന് പ്രതിമാസം 275 രൂപ സബ്സിഡി (LPG Subsidy) ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് ഉടമകൾക്കാണ് ആനുകൂല്യം ലഭിക്കുക. ഉജ്വല പദ്ധതി (pm ujjwala yojana) പ്രകാരം ലഭിക്കുന്ന 200 രൂപയും സബ്സിഡിയും ലഭിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് 428 രൂപയ്ക്ക് ആയിരിക്കും സിലിണ്ടർ ലഭിക്കുക.
കൂടുതൽ വാർത്തകൾ: ആധാർ ഇനിയും പുതുക്കിയില്ലെ? സമയം സെപ്റ്റംബർ 14 വരെ മാത്രം!!!
ഗോവയിൽ 11,000 എഎവൈ റേഷൻ കാർഡ് (AAY Ration Card) ഉടമകളാണ് നിലവിലുള്ളത്. അതേസമയം, സെപ്റ്റംബർ 1 മുതലാണ് പുതുക്കിയ ഗ്യാസ് സിലിണ്ടർ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കേന്ദ്രസർക്കാർ കുറച്ചത്. ഇതുപ്രകാരം പനാജിയിൽ 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 903 രൂപയായി കുറഞ്ഞു.
2. ഓണക്കാലത്ത് റെക്കോർഡ് വിൽപന നടത്തി മിൽമ. ഓഗസ്റ്റ് 25 മുതൽ 28 വരെ 1.57 കോടി ലിറ്റർ പാലും, 13 ലക്ഷം കിലോ തൈരുമാണ് മിൽമ വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം അധിക വിൽപനയാണ് ഇത്തവണ നടന്നത്. തൈരിന് മാത്രം 16 ശതമാനം അധികം വിൽപന നടന്നു. കൂടാതെ, 743 ടൺ നെയ്യും വിറ്റു. ഓണ സീസണോടനുബന്ധിച്ച് 1 കോടി ലിറ്റർ പാലാണ് മിൽമ അധികമായി സംഭരിച്ചത്.
3. കാർഷിക വിളകൾക്ക് ഭീഷണിയായി മാറിയ ഇന്ത്യൻ കാക്കകളെയും മൈനകളെയും തുരത്താനുള്ള പ്രവർത്തനങ്ങൾ ഒമാനിൽ തുടരുന്നു. ദേശാടനത്തിനെത്തിയ ശേഷം തിരികെ മടങ്ങാത്ത പക്ഷികൾ അരി, ഗോതമ്പ്, മുന്തിരി തുടങ്ങിയ വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. ഏകദേശം 1,60,000 മൈനകളാണ് നിലവിൽ ഒമാനിലുള്ളത്. വെടിവച്ചും കെണികൾ വച്ച് വീഴ്ത്തിയുമാണ് പക്ഷികളെ പിടികൂടുന്നത്. ഇത്തരത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Share your comments