40,000 രൂപ കൊടുത്ത് ഒരു കിലോ തേയില വാങ്ങിയിരിക്കുകയാണ് ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടീ ട്രെയ്‌ഡേഴ് .ഗുവാഹത്തി ടീ ഓക്ഷന്‍ സെന്‍ററിൽ നടന്ന ലേലത്തിലാണ് 'ഗോള്‍ഡന്‍ നീഡില്‍ ടീ' എന്ന പ്രത്യേകതയുള്ള തേയില ഇവർ സ്വന്തമാക്കിയത്.
വളരെ മൃദുവായതും സ്വര്‍ണ നിറത്തോടു കൂടിയ ആവരണമുള്ളതുമാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വെല്‍വെറ്റു പോലെ മൃദുവാണ് ഈ തേയില. ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്കും സ്വര്‍ണ നിറമായിരിക്കും. അതായിരിക്കാം ഗോള്‍ഡന്‍ നീഡില്‍ ടീ എന്ന പേരിനു പിന്നിലും. രുചിയിലും, ഗന്ധത്തിലും, ഗുണത്തിലുമൊന്നും ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു ചായയുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരുണാചല്‍ പ്രദേശിലെ ഡോണിപോളോ എസ്റ്റേറ്റിലാണ് ഈ തേയില ഉത്പാദിപ്പിക്കുന്നത്. ഈ റെക്കോര്‍ഡ് ലേലം അരുണാചല്‍ പ്രദേശിനെയും ചരിത്രത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ്.
വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ചരിത്രത്തില്‍ എല്ലാക്കാലത്തും വിലപ്പെട്ട പാനീയം തന്നെയായിരുന്നു. ബ്രിട്ടീഷുകാര്‍ പിന്നീട് അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിച്ചു. ഗോള്‍ഡന്‍ നീഡില്‍ ടീ ഉത്പാദിപ്പിക്കണമെങ്കില്‍ പ്രകൃതിയുടെ കരവിരുതും തേയില ഉത്പാദനത്തിലെ വൈദഗ്ധ്യവും ഒരുമിച്ചു ചേരണമെന്ന് ഡോണിപോളോ എസ്റ്റേറ്റ് മാനേജര്‍ മനോജ് കുമാര്‍ പറയുന്നു. 421 ഹെക്ടര്‍ സ്ഥലമാണ് ഇതിന്‍റെ കൃഷിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 2017-ല്‍ ഡാനിയേ പോളോയിലെ ഗോള്‍ഡന്‍ നീഡില്‍സ് കിലോയ്ക്ക് 18,000 രൂപയ്ക്കാണ് വിറ്റു പോയത്.
Share your comments