ഗോതമ്പിൻ്റെ താങ്ങുവില ക്വിന്റലിന് 105 രൂപയായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇതോടെ ക്വിന്റലിന് 1,735 രൂപയായിരുന്ന ഗോതമ്പിൻ്റെ വില 1,840 ആയി ഉയരും. ആറു ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് താങ്ങുവില വര്‍ധനവിനെക്കുറിച്ചുള്ള തീരുമാനമുണ്ടായത്.വില1840 രൂപയാകുന്നതോടെ കര്‍ഷകര്‍ക്ക് വരും വര്‍ഷത്തില്‍ ഏകദേശം 62,635 കോടിയോളം ലാഭം കിട്ടുമെന്നാണ് കരുതുന്നത്. ഉത്പാദനത്തില്‍ കര്‍ഷകരുടെ ലാഭം അമ്പത് ശതമാനമാക്കിയുയര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കാര്‍ഷിക വകുപ്പിൻ്റെ പ്രത്യേക ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് താങ്ങുവില വര്‍ധിപ്പിച്ചത്.
ഇതുകൂടാതെ എല്ലാത്തരം റാബി വിളകള്‍ക്കും താങ്ങുവില ഉത്പാദന ചിലവിനേക്കാള്‍ 50 മുതല്‍ 112 ശതമാനം വരെ വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കി. ബാർലി ക്വിന്റലിന് 30 രൂപ കൂട്ടി 1,440 രൂപയും, ചന്ന കടലയ്ക്ക് ക്വിന്റലിന് 220 രൂപ കൂട്ടി 4,620 രൂപയായി ഉയർത്തി. പരിപ്പിന് ക്വിന്റലിന് 225 രൂപ ഉയർന്ന് 4,275 രൂപയും, കടുകിന് ക്വിന്റലിന് 200 രൂപ വർധിച്ച് 4,200 രൂപയും വർദ്ധിപ്പിച്ചു.
ഖാരിഫ് വിളകൾക്ക് കർഷകരുടെ ഉല്പാദന ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ വില നൽകുമെന്ന വാഗ്ദാനത്തിന് പുറകെയാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഖാരിഫ് വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Share your comments