വികസനത്തിൻ്റെ കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയുടെ പെരുമ്പാവൂര്‍ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്ത് പുനര്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ക്കു പ്രയോജനപ്രദമായ വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നും, അത്തരത്തില്‍ ജലവിഭവ വകുപ്പും പല പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറിഗേഷന്‍ ടൂറിസം പ്രോജക്ട് വഴി ഡാമുകള്‍, നദികള്‍, കനാല്‍ തീരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നത് പെരുമ്പാവൂരുകാരുടെ വലിയ ആഗ്രഹമായിരുന്നു. വളരെ മനോഹരമായും സമയ ബന്ധിതമായും അതു പൂര്‍ത്തീകരിക്കാന്‍ സാധിച്ചു, അക്കാര്യത്തില്‍ എം.എല്‍.എ യെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു, കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ജനങ്ങള്‍ വീണ്ടും പുറത്തിറങ്ങുകയും ഒത്തുചേരുകയും ആഘോഷിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ അവസരത്തില്‍ പെരുമ്പാവൂരിലെ ജനങ്ങള്‍ക്കു കുട്ടികളുമായി ഒഴിവ് സമയം ചെലവഴിക്കാന്‍ ഈ പാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പാര്‍ക്കിനോടനുബന്ധിച്ച് ഒരു ടേക് എ ബ്രേക്ക് കേന്ദ്രം നിര്‍മ്മിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്, അക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പെരിയാര്‍വാലി കനാലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭക്ഷ്യ വിളകള്‍ക്കു മാത്രമല്ല നാണ്യവിള കൃഷികള്‍ക്കുകൂടി ജലമെത്തിക്കുന്ന പ്രോജക്ടിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പുനര്‍നിര്‍മ്മിച്ചത്. ആലുവ - മൂന്നാര്‍ റോഡിനോട് ചേര്‍ന്നു മനോഹരമായി ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ 7 റൈഡുകളാണു ക്രമീകരിച്ചിരിക്കുന്നത്. പുല്‍ത്തകിടിയും നടപ്പാതയും വേണ്ടത്ര ഇരിപ്പിടങ്ങളും തണല്‍ മരങ്ങളും പാര്‍ക്കിലുണ്ട്. ഒപ്പം കഫെറ്റീരിയയും ശുചിമുറി സംവിധാനവും ഒരു സെക്യൂരിറ്റിമുറിയും ഒരുക്കിയിട്ടുണ്ട്.
ഐ.പി.ടി.എം.സിയുടെ (ഇറിഗേഷന്‍ പ്രോജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ) മേല്‍നോട്ടത്തിലായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. ഐ.പി.ടി.എം.സിയുടെ ചെയര്‍മാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയും, വൈസ് ചെയര്‍പേഴ്സണ്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും, സെക്രട്ടറി പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ആണ്.
ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
ചില്‍ഡ്രന്‍സ് പാര്‍ക്ക് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, മുന്‍ എം.എല്‍.എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ:കൃഷി വ്യാപനം നാടിൻ്റെ വികസന പ്രക്രിയയുടെ അടിസ്ഥാനം: വ്യവസായ മന്ത്രി P രാജീവ്... കൃഷി വാർത്തകൾ
Share your comments