ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലുള്ള കരടിപ്പാറയിലും വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലുള്ള വട്ടച്ചോലയിലുമുള്ള ചെറുകിട തേയില കർഷക സംഘാംഗങ്ങൾ രൂപീകരിച്ചതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി. മൈക്രോ ഫാക്ടറികൾക്ക് ടീ ബോർഡ് ലൈസൻസ് നൽകിത്തുടങ്ങിയ സാഹചര്യമാണ് കർഷകർ ഉപയോഗപ്പെടുത്തിയത്. നേരത്തേ വൻകിട ഫാക്ടറികൾക്കു മാത്രമാണ് ലൈസൻസ് അനുവദിച്ചിരുന്നത്. 167 ഓഹരിയുടമകളാണ് കമ്പനിയിലുള്ളത്. കരടിപ്പാറയിൽ വാങ്ങിയ 30.5 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് ഫാക്ടറി നിർമിച്ചത്. ഇതിൽ 45.8 ലക്ഷം രൂപ നബാർഡ് വായ്പയാണ്.
കരടിപ്പാറ, വട്ടച്ചോല സംഘാംഗങ്ങളുടേതായി ഏകദേശം 500 ഏക്കറിൽ തേയിലകൃഷിയുണ്ട്. സീസണിൽ ഏകദേശം 4,500 കിലോ പച്ചത്തേയിലയാണ് പ്രതിദിന ഉത്പാനം. ഫാക്ടറിയിൽ ഒൗഷധ ഗുണമുള്ള ഗ്രീൻ ടീ മാത്രം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി തീരുമാനം. തേയിലച്ചെടികളിൽനിന്നു 7-10 ദിവസം ഇടവിട്ട് നുള്ളുന്ന കൊളുന്താണ് ഗ്രീൻ ടീക്കായി സംസ്കരിക്കുന്നത്. 1000 കിലോ ചപ്പിൽനിന്നു 240 കിലോ പൊടിയുണ്ടാക്കാൻ കഴിയും.

കമ്പനിയുടെ ഓഹരിയുടമകളിൽ 40 പേർ ജൈവരീതിയിലാണ് തേയിലക്കൃഷി ചെയ്യുന്നത്. ഇവർക്കും മറ്റു കർഷകർക്കും അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കേഷൻ ലഭിക്കുന്ന മുറയ്ക്ക് ഓർഗാനിക് ഗ്രീൻ ടീ ആഭ്യന്തര, വിദേശ വിപണികളിൽ ലഭ്യമാക്കാനാണ് പദ്ധതി. നിലവിൽ കൊളുന്ത് കിലോഗ്രാമിനു 25 രൂപ നിരക്കിലാണ് ഓഹരിയുടമകളായ കർഷകരിൽനിന്നു കന്പനി ശേഖരിക്കുന്നത്. മറ്റു ചെറുകിട കർഷകർക്കു ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം വരുമിത്. പച്ചത്തേയിലയുടെ വിലയ്ക്കു പുറമേ ബോണസ്, ഡിവിഡന്റ് എന്നിവയും ഓഹരിയുടമകൾക്ക് ലഭിക്കും. അര ഏക്കർ മുതൽ രണ്ട് ഏക്കർ വരെ തേയിലക്കൃഷിയുള്ളവരാണ് ഓഹരിയുടമകൾ. പാർട്ട് ടൈം ടീ മേക്കറും നാല് തൊഴിലാളികളും ഒന്നു വീതം സൂപ്പർവൈസറും അക്കൗണ്ടന്റുമാണ് നിലവിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്.
ചെറുകിട തേയില കർഷകർ രാജ്യത്ത് ആദ്യമായി രൂപീകരിച്ചതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യുസർ കമ്പനി. 2017 ഡിസംബർ ഏഴിനു ഉദ്ഘാടനം ചെയ്ത ഫാക്ടറിയിൽ - ലൈസൻസുകൾ ലഭിക്കാൻ വൈകിയതിനാലാണ് വ്യാവസായികാടിസ്ഥാനത്തിനുള്ള ഉത്പാദനം വൈകിയതെന്ന് കമ്പനി ഡയറക്ടർമാരായ കെ.സി. കൃഷ്ണദാസ്, ടി. പക്കുഞ്ഞി എന്നിവർ പറഞ്ഞു. നബാർഡിന് കീഴിൽ വയനാട്ടിലുള്ള 13 ഉപ്പാദക കമ്പനികളിൽ ആദ്യത്തേതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments