ഓരോ വീട്ടിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യാനായി തൈകള്‍ തയ്യാറാക്കിയിരിക്കുകയാണ് പാലക്കാട് പിരായിരി ഗ്രാമപഞ്ചായത്ത് അധികൃതര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കര്‍മപദ്ധതികളുടെ ഭാഗമായി, ആയുഷ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഔഷധസസ്യബോര്‍ഡ് ''ഗൃഹചൈതന്യം'' അഥവാ ഗൃഹത്തിന് ഐശ്വര്യം നല്‍കുന്നത് എന്നര്‍ത്ഥമുള്ള പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഗൃഹചൈതന്യം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നാണ് പഞ്ചായത്ത് തൈകള്‍ തയ്യാറാക്കിയത്.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ലഭിച്ച വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ തയ്യാറാക്കിയത്. ആര്യവേപ്പിന്‍ തൈകളാണ് പ്രധാനമായും നട്ടിരിക്കുന്നത്. അയ്യായിര ത്തോളം തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 തൊഴിലാളികളാണ് തൈകള്‍ പരിപാലിക്കുന്നത്. നഗരവത്കരണത്തോടെ അപ്രത്യക്ഷമായ ഔഷധസസ്യങ്ങളെ വീടുകളില്‍ തിരിച്ചെത്തിക്കാന്‍ അഞ്ച് വര്‍ഷത്തിനകം 15 ലക്ഷം ഔഷധ തൈകള്‍ ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Share your comments